തൃശൂര്‍: കുടുംബവഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കല്‍ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടില്‍ ഷില്ലി (49) ആണ് പിടിയിലായത്. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകീട്ട് 4.45-ഓടെയായിരുന്നു സംഭവം. വീട്ടില്‍ വെച്ച് ഷില്ലിയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ മകള്‍ അമ്മയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ക്രൂരമായ ആക്രമണത്തിന് കാരണം. സംഭവം നടക്കുമ്പോള്‍ ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ വായ് പൊത്തിപ്പിടിച്ച് മര്‍ദിച്ച പ്രതി, കൈ തിരിച്ച് കൈവിരലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്തു. തുടര്‍ന്ന് വെട്ടുകത്തി ഉപയോഗിച്ച് തലയോട്ടിക്ക് പൊട്ടലേല്‍ക്കത്തക്കവിധം ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.