കാഞ്ഞങ്ങാട്: ഡോക്ടര്‍മാരുടെ ചെറിയൊരു സമ്മേളനം നടത്താനുള്ള പ്രതിനിധികളെ കിട്ടും കാഞ്ഞങ്ങാട്ടെ പാലക്കി കുടുംബത്തിലേക്ക് ഒരു കത്തയച്ചാല്‍. അഞ്ചും പത്തുമല്ല, ഈ കുടുംബത്തില്‍ മക്കളും മരുമക്കളും പേരമക്കളുമായി ഡോക്ടര്‍മാര്‍ മുപ്പതിലധികം പേരുണ്ട്. കാഞ്ഞങ്ങാട്ടെ അറിയപ്പെടുന്ന മുസ്ലിം തറവാട്ടുകാരാണ് കാഞ്ഞങ്ങാട്ടെ പാലക്കി കുടുംബം. പാലക്കി അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെയും ഭാര്യ ഫാത്തിമ ചേരക്കാടത്തിന്റെയും മക്കളും മരുമക്കളും പേരമക്കളും നാലാംതലമുറയിലുള്ളവരുമായി കുടുംബത്തില്‍ ഡോക്ടര്‍മാരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിക്കുന്നു.
ഇവരുടെ മൂത്തമകന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് മുന്‍ പ്രസിഡന്റും കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാനുമായ പാലക്കി കുഞ്ഞാമദ് ഹാജിയുടെ മൂത്തമകള്‍ സാബിറയുടെ ഭര്‍ത്താവ് കാസര്‍കോട് ജില്ലയിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റ് ഡോ. കെ. കുഞ്ഞാമദാണ്. കുഞ്ഞാമദ്-സാബിറ ദമ്പതിമാര്‍ക്ക് നാലു മക്കള്‍. മൂത്തമകള്‍ അമീറ ഗൈനക്കോളജിസ്റ്റ്. ഭര്‍ത്താവ് റിനാഷ് അസ്ഥിരോഗവിദഗ്ധന്‍. രണ്ടാമത്ത മകള്‍ അസീഫ റേഡിയോളജിസ്റ്റ്. ഭര്‍ത്താവ് ഷാനവാസ് ഉസ്മാന്‍ ഫിസിഷ്യന്‍. മൂന്നാമത്തെ മകന്‍ മന്‍സൂര്‍ കുട്ടികളുടെ ഡോക്ടര്‍. ഭാര്യ അലീന ഗൈനക്കോളജിസ്റ്റ്.
അഞ്ചാമത്തെ മകന്‍ മുഹമ്മദ്കുഞ്ഞിയുടെയും റസിയയുടെയും മകള്‍ ഡോ. നജ്മ ഗൈനക്കോളജിസ്റ്റ്. ഭര്‍ത്താവ് ഡോ. അബ്ദുള്‍ കരീം ഡയബറ്റോളജിസ്റ്റ്. മുഹമ്മദ്കുഞ്ഞിയുടെ മറ്റൊരു മകള്‍ നസിയയുടെ മക്കള്‍ ഫാത്തിമയും അമനും എംബിബിഎസ് വിദ്യാര്‍ഥികള്‍.
പാലക്കി അബ്ദുള്‍റഹ്മാന്‍ ഹാജിയുടെ എട്ടാമത്തെ മകന്‍ ഹംസയുടെയും സഫിയയുടെയും മൂത്ത മകന്‍ ജല്‍വ പാലക്കി ഇഎന്‍ടി ഡോക്ടര്‍. ഭാര്യ സുനൈന ഡെന്റല്‍ സര്‍ജന്‍. രണ്ടാമത്തെ മകന്‍ ഹയാസ് അസി. സര്‍ജന്‍. ഹംസയുടെ ഇളയമകള്‍ ഡോ. ഫാത്തിമാ സുല്‍ഫിയയും അസിസ്റ്റന്റ് സര്‍ജന്‍.
ഏഴാമത്തെ മകള്‍ കുഞ്ഞാമിനയുടെയും അബ്ദുള്ള കുഞ്ഞിയുടെയും മകന്‍ ഷാനവാസിന്റെ ഭാര്യ ഡോക്ടര്‍ ഷര്‍മിന.
പാലക്കി അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ ഒന്‍പതാമത്തെ മകന്‍ ഷംസുദീന്‍ പാലക്കിയുടെയും റസിയയുടെയും മകള്‍ ഷഹ്സാദിയും ഭര്‍ത്താവ് ജാസില്‍ അലിയും ഡോക്ടര്‍മാര്‍. പാലക്കി അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ പത്താമത്തെ മകന്‍ കരീമിന്റെയും ആരിഫയുടെയും മരുമകള്‍ ഡോ. ഷര്‍മിന ഡെന്റല്‍ സര്‍ജന്‍. അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ ഇളയപുത്രന്‍ നാസര്‍ ഗൈനക്കോളജിസ്റ്റ്. ഡോ. അമീറയും ഭര്‍ത്താവ് റിനാഷും യുഎഇയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരാണ്. ഡോ. ജലവ പാലക്കി മംഗളൂരുവിലാണ്. മറ്റു ഡോക്ടര്‍മാരെല്ലാം പാലക്കി കുടുംബത്തിന്റെ ആസ്പത്രിയായ കാഞ്ഞങ്ങാട് മന്‍സൂര്‍ ആസ്പത്രിയിലും കാസര്‍കോട് ജില്ലയിലെ വിവിധ ആസ്പത്രികളിലുമായി ജോലിചെയ്യുന്നു. അബ്ദുള്‍ റഹ്മാന്‍ ഹാജിയുടെ സഹോദരപുത്ര-പൗത്രന്മാരിലുമുണ്ട് ആറു ഡോക്ടര്‍മാര്‍.
കുടുംബത്തിലെ മുതിര്‍ന്ന ഡോക്ടര്‍മാരില്‍ നിന്നും ജീവിത പാഠമുള്‍ക്കൊണ്ട് പുതുതലമുറയും മറ്റൊരു പ്രൊഫഷനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നതാണ് വസ്തുത. അതു കൊണ്ടു തന്നെ വടക്കേമലബാറിലെ ആതുര സേവന മേഖലയില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടുകയാണ് പാലക്കി കുടുംബത്തിന്റെ പെരുമ.