കേന്ദ്രാവിഷ്‌കൃത വൈദ്യുതി പദ്ധതികളുടെ പുരോഗതി വിലയിരുത്തി

കാസര്‍കോട് ജില്ലയില്‍ വിഭാവനം ചെയ്ത് കേന്ദ്ര സഹായത്തോടുകൂടി കെ.എസ്.ഇ.ബി ലിമിറ്റഡ് നടപ്പിലാക്കുന്ന വിവിധ ആര്‍.ഡി.എസ് പദ്ധതികളുടെ പുരോഗതി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി യുടെ അധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റില്‍ ചേര്‍ന്ന ഡിസ്ട്രിക്ട് ഇലക്ട്രിസിറ്റി കമ്മിറ്റി യോഗത്തില്‍ അവലോകനം ചെയ്തു.

കെ.എസ്.ഇ.ബി ലിമിറ്റഡ് നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളെകുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് ലഭിക്കേണ്ടതാണെന്നും, സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗങ്ങള്‍ക്ക് കൂടി ഗുണഫലം ലഭിക്കേണ്ടതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എസ്. ബി സുരേഷ് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ കെ അജീഷ് , കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ നാഗരാജ് ഭട്ട്, ടി.പി ആശ, ട്രാന്‍സ്മിഷന്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രഞ്ജിത്ത് ലാല്‍ തുടങ്ങിയര്‍ പങ്കെടുത്തു.

ആകെ 120.5 കോടി രൂപ അടങ്കല്‍ തുക വരുന്ന അഞ്ച് പദ്ധതികളാണ് ജില്ലയില്‍ നടപ്പിലാക്കുന്നത്. ഇതില്‍ ട്രാന്‍സ്മിഷന്‍ വിഭാഗത്തിന് കീഴില്‍ മുള്ളേരിയ – ബദിയടുക്ക 33 കെ.വി ലൈനിന്റെ നവീകരണ പദ്ധതി , ഡിസംബര്‍ 2024 ല്‍ പൂര്‍ത്തീകരിച്ചതായും, ഡിസ്ട്രിബ്യൂഷന്‍ വിഭാഗത്തിന് കീഴില്‍ വരുന്ന നാല് പദ്ധതികളില്‍ മൂന്നെണ്ണം ഡിസംബര്‍ 2024 ല്‍ ആരംഭിച്ച് ത്വരിത ഗതിയില്‍ പുരോഗമിച്ച് വരുന്നതായും അടുത്ത മാസത്തോടുകൂടി പൂര്‍ത്തീകരണം പ്രതീക്ഷിക്കുന്നതായും, അനുമതി ലഭ്യമായ അവസാന പദ്ധതി ഈ വര്‍ഷം ജുലൈയില്‍ ആരംഭിച്ച് 2026 ജനുവരിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണെന്നും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു .

പി.വി.ടി ജി പദ്ധതിയില്‍ ഉള്‍പ്പെട്ട 22 വീടുകള്‍ ഈ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഇതിനകം വൈദ്യുതീകരിച്ചതായും, പി.എം ജുഗ സ്‌കീമില്‍ 193 വീടുകള്‍ 20 ലക്ഷത്തോളം രൂപ ചെലവില്‍ ഉടന്‍ വൈദ്യുതീകരിച്ചതാണെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *