സംസ്ഥാന സര്‍ക്കാര്‍ പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്വപ്നം സാധ്യമാക്കുകയാണ്; മന്ത്രി ഒ.ആര്‍ കേളു

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനം സാധ്യമാക്കാന്‍ കേരള സര്‍ക്കാര്‍ ഒപ്പം നില്‍ക്കുകയാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചീമേനി ഗ്രാമപഞ്ചായത്തിലെ പയ്യറാട്ട് നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 800 ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കി പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. ഓരോരുത്തര്‍ക്കും 25 ലക്ഷം രൂപയാണ് നാകുന്നത്. ആസ്‌ത്രേലിയ, അമേരിക്ക, ജര്‍മ്മനി പോലുള്ള രാജ്യങ്ങളില്‍ നമ്മുടെ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠിച്ച് പ്ലേസ്‌മെന്റ് നേടുകയാണ്.

പി.എസ്.സി മുഖാന്തിരം എസ്.സി, എസ്.ടി സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി കൂടുതല്‍ ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിച്ചു. ഡോക്ടറും കളക്ടറും ശാസ്ത്രജ്ഞനും ആകാന്‍ ആഗ്രഹിക്കുന്നവക്ക് അതിന് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കി വരികയാണ്.

ഭൂമിയും വീടും നല്‍കുന്ന കാര്യത്തില്‍ ഒട്ടും പിന്നിലല്ല സര്‍ക്കാര്‍.
ജനകീയാസൂത്രണ സംവിധാനത്തിന് ശേഷം നവകേരള മിഷനുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. മികച്ച റോഡുകള്‍, പാലങ്ങള്‍, വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, ആശുപത്രി കെട്ടിടങ്ങള്‍ തുടങ്ങിയവ നവകേരള മിഷന്റെ ഭാഗമാണ്. ഹരിത കര്‍മ്മസേന അംഗങ്ങള്‍ ഇന്ന് കേരളത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ എം രാജഗോപാലന്‍ എം. എല്‍.എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.കെ ശ്രുതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി അജിത് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ലക്ഷ്മി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി സുനിത, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.സുമേഷ്, കെ. അനില്‍കുമാര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം. കുഞ്ഞിരാമന്‍, ടി.എസ് നജീബ്, പി.ബി ഷീബ, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.ശ്രീജ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.രാകേഷ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി.വി സതീഷ്‌കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കെ നളിനാക്ഷന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ. രാജന്‍, മുഹമ്മദ് കുഞ്ഞി കൂളിയാട് എന്നിവര്‍ പങ്കെടുത്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും പട്ടികജാതി പ്രമോട്ടര്‍ എം.സൗമിനി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *