പനത്തടി :റാണിപുരം കുണ്ടുപ്പള്ളിയില്‍ ഇന്നും കാട്ടാന ജനവാസ മേഖലയിലേക്കിറങ്ങി കൃഷി നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി യോഗേഷിന്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 4 മണിയോടുകൂടി കാട്ടാനയെത്തി കൃഷി നശിപ്പിച്ചത്. നിരവധി വാഴകളും, കമുകും ആന നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം വനാതിര്‍ത്തിയില്‍ കണ്ടെത്തിയ ആനയെ ഉള്‍കാട്ടിലേക്ക് തുരത്തി. ഈ ആഴ്ചയില്‍ നാലാം തവണയാണ് കാട്ടാന കുണ്ടുപ്പള്ളിയില്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന പി മോഹനന്റെ തെങ്ങും, കമുകും, വാഴയും നശിപ്പിച്ചിരുന്നു. ഇന്നലെ കുറ്റിക്കോല്‍ സതീഷിന്റെ കൃഷിയിടത്തിലിറങ്ങി അമ്പതോളം വാഴകള്‍ നശിപ്പിച്ചിരുന്നു.ഇന്നലെ രാത്രിയില്‍ പ്രദേശത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന പനത്തടി സെക്ഷന്റെ കീഴിലുള്ള ആര്‍ആര്‍ടി സംഘം രാത്രിയില്‍ ആനയെ തുരത്തി ഓടിച്ചിരുന്നുവെങ്കിലും അതിരാവിലെ ഇവ വീണ്ടും എത്തി കൃഷി നശിപ്പിക്കുകയായിരുന്നു. റാണിപുരത്ത് വനാതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥാപിച്ച സോളാര്‍ വേലിയും കടന്നാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്തെ കാട് പിടിച്ച് കിടക്കുന്ന ഏക്കറ് കണക്കിന് സ്വകാര്യ വ്യക്തികളുടെ ഭൂമി കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുന്നതാണ് ആനകള്‍ക്ക് തമ്പടിക്കാനും രാത്രിയാകുമ്പോള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുവാനും സഹായകമാകുന്നത്.അതേസമയം കര്‍ഷകരുടെ പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണസമിതിയോ , റവന്യൂ വകുപ്പോ ഇടപെടുന്നില്ല എന്നുള്ളതാണ് കര്‍ഷകരുടെ ആക്ഷേപം. പ്രദേശത്തെ കാട് വെട്ടിത്തളിക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണം എന്ന് സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ള സംബന്ധിച്ച യോഗങ്ങളില്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും റവന്യൂ അധികാരികള്‍ ഇത് വരെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല എന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനുവേണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തിക്കാനുള്ള കാട് വെട്ടിത്തെളിക്കാനുള്ള പ്രത്യേക അനുമതി സര്‍ക്കാറില്‍ നിന്ന് വാങ്ങിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. കാസറഗോഡ് വനം വകുപ്പ് പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി സേസപ്പ, കാസറഗോഡ് ആര്‍ആര്‍ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ ജയകുമാരന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അഭിലാഷ് കെപി, സുധീഷ് കെ, രതീഷ്,റാണിപുരം വനസംരക്ഷണ സമിതി സെക്രട്ടറി ഡി വിമല്‍ രാജ്, ട്രഷറര്‍ എംകെ സുരേഷ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടിറ്റോ, യോഗേഷ് പി,വനംവകുപ്പ് വാച്ചര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തിയത്.