പാരീസ് ഡയമണ്ട് ലീഗില്‍ ഒളിമ്പ്യന്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. ഈ സീസണിലെ ആദ്യ സ്വര്‍ണ നേട്ടമാണിത്. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വര്‍ണം നേടിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഡയമണ്ട് ലീഗില്‍ നീരജ് സ്വര്‍ണം അണിയുന്നത്. എതിരാളി ജര്‍മ്മന്‍കാരനായ ജൂലിയന്‍ വെബറെയാണ് നീരജ് പിന്നിലാക്കിയത്. 87.88 മീറ്റര്‍ ആണ് വെബര്‍ എറിഞ്ഞത്. 86.62 മീറ്റര്‍ എറിഞ്ഞ ബ്രസീലിന്റെ ലൂയിസ് ഡാ സില്‍വ വെങ്കലം നേടി.
പാരീസിലെ ശക്തമായ മൈതാനത്ത് 90 മീറ്റര്‍ എന്ന സ്വപ്നദൂരം ആര്‍ക്കും താണ്ടാനായില്ല. ആദ്യ ഘട്ടത്തില്‍ തന്നെ വെബറിന് മുന്നിലായിരുന്നു നീരജ് ചോപ്ര. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. മെയില്‍ ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ എറിഞ്ഞെങ്കിലും വെബര്‍ 91 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. ഈ മാസം 24ന് ഒസ്ട്രാവയില്‍ ഗോള്‍ഡന്‍ സ്‌പൈക് അത്‌ലറ്റിക് മീറ്റില്‍ നീരജ് മത്സരിക്കും.