മധ്യേഷ്യയെ ഭീതിയിലാഴ്ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് മുന്നോട്ടുവെച്ചതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെളിപ്പെടുത്തി. ‘ഒരു വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ട്, പ്രത്യേകിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും വിശാലമായ ചര്‍ച്ചകള്‍ ആരംഭിക്കാനും,’ കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മാക്രോണ്‍ പറഞ്ഞു.
അമേരിക്കയ്ക്ക് വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്നും, ഫ്രാന്‍സ് അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ഊര്‍ജ്ജം, ഭരണ-സാംസ്‌കാരിക-അടിസ്ഥാന സൗകര്യങ്ങള്‍, ഏറ്റവും പ്രധാനമായി സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള എല്ലാ ആക്രമണങ്ങളും നിര്‍ത്തേണ്ടതിന്റെ ആവശ്യകത മാക്രോണ്‍ ഊന്നിപ്പറഞ്ഞു.
അതേസമയം, ഇറാനെതിരായ ആക്രമണം ഇസ്രയേല്‍ ശക്തമാക്കുന്നതിനാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ സാധ്യതയുണ്ടെന്ന് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ IRINN,നോട് രാജ്യത്തെ നിയമസഭാംഗമായ എസ്മായില്‍ കൊസാരി പറഞ്ഞു. എന്നാല്‍ കടലിടുക്ക് അടച്ചുപൂട്ടുന്നത് വ്യാപാരത്തെ നിയന്ത്രിക്കുകയും ആഗോള എണ്ണവിലയെ ബാധിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഏക സമുദ്ര പ്രവേശന പാതയാണ് ഹോര്‍മുസ്. ഇത് ഒരു വശത്ത് ഇറാനെയും മറുവശത്ത് ഒമാനെയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെയും വിഭജിക്കുന്നു. കൂടാതെ ഇത് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും ഇന്ത്യന്‍ മഹാസമുദ്രത്തിലെ അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്നു.