ഡല്‍ഹി: ഡല്‍ഹിയില്‍ അത്യുഷ്ണം, പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. അടുത്ത രണ്ടുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ഉഷ്ണതരംഗം തുടരുകയാണ്. രാജസ്ഥാനില്‍ ചിലയിടങ്ങളില്‍ താപനില അന്‍പത് ഡിഗ്രിയോടടുത്തു നില്‍ക്കുകയാണ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങുന്നതും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. പ്രത്യേകിച്ച് മുതിര്‍ന്നവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍, ഉഷ്ണതരംഗം കുറയാന്‍ സാധ്യയുണ്ടെന്നും ശനിയാഴ്ച മുതല്‍ ഡല്‍ഹിയിലെ താപനിലയില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.