ജനുവരി 30 ദേശീയ കുഷ്ഠ രോഗ വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷന്‍ വി.വി രമേശന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷബീന ഹക്കീം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സന്തോഷ് ബോധവത്കരണ ക്ലാസ് നയിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എ ലബീബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വി.രഞ്ജിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.ചന്ദ്രന്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി ഹസീബ് എന്നിവര്‍ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.മുരളീധരന്‍ നന്ദിയും പറഞ്ഞു.
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 എല്ലാ വര്‍ഷവും ദേശീയ കുഷ്ഠരോഗ വിരുദ്ധ ദിനമായി ആചരിക്കുന്നു. കുഷ്ഠരോഗികള്‍ സമൂഹത്തില്‍ നേരിട്ടിരുന്ന അവഗണനയ്ക്കും മാറ്റിനിര്‍ത്തലുകള്‍ക്കുമെതിരെ പോരാടുകയും, അവരെ സ്‌നേഹത്തോടും കരുണയോടും കൂടി പരിചരിക്കാന്‍ മാതൃക കാട്ടുകയും ചെയ്ത വ്യക്തിയായിരുന്നു ഗാന്ധിജി. ഈ രോഗത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ക്കും മിഥ്യാ ധാരണകള്‍ക്കുമെതിരെ ബോധവത്കരണം ഊര്‍ജ്ജിതപ്പെടുത്തി, രോഗികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം – ‘സ്പര്‍ശ്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ കുഷ്ഠരോഗബാധ കണ്ടുവരുന്ന പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചര്‍മ പരിശോധന ക്യാമ്പുകളും മറ്റ് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു.