‘ട്രെയിനിംഗ് സമയത്ത് സ്‌കൂബ ഡൈവിംഗും വാട്ടര്‍ റെസ്‌ക്യൂവുമൊക്കെ ചെയ്തപ്പോള്‍ വല്ലാത്തൊരു ആവേശമായിരുന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ ഒരു ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങുമ്പോള്‍ ഉള്ള അനുഭവം വേറെയാണ്’ കാസര്‍കോട് ജില്ലയിലെ ആദ്യ വനിതാ ഫയര്‍ഫോഴ്‌സ് ബാച്ചിലെ അംഗമായ അരുണ പി. നായര്‍ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും വടക്കന്‍ കേരളത്തിന്റെ മണ്ണിലേക്ക് അഗ്‌നിരക്ഷാ സേനയുടെ കുപ്പായമണിഞ്ഞ് എത്തുമ്പോള്‍ അരുണയുടെ മുന്നിലുണ്ടായിരുന്നത് വെല്ലുവിളികള്‍ മാത്രമല്ല, പുതിയൊരു ജീവിതം കൂടിയായിരുന്നു.
കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വനിതാ ഫയര്‍ഫോഴ്‌സ് ബാച്ചിലെ ഏക ‘ഇതരജില്ലക്കാരി’യാണ് തിരുവനന്തപുരം സ്വദേശിയായ അരുണ. എന്നാല്‍, ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ക്കപ്പുറം കാസര്‍ക്കോടുകാരായ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അരുണയും സംഘവും ഇപ്പോള്‍ ജില്ലയുടെ അഭിമാനമായി മാറുകയാണ്. ബേഡകം മുന്നാട്ടെ കെ ശ്രീജിഷ, ഈസ്റ്റ് എളേരി കൊല്ലാടയിലെ ഒ കെ അനുശ്രീ, കുറ്റിക്കോല്‍ ആനക്കല്ല് ഒറ്റമാവുങ്കാലിലെ പ്രീതി പ്രകാശ് എന്നിവരാണ് ബാക്കി നാലു പേര്‍.
2018 സെപ്റ്റംബറിലെ മന്ത്രിസഭാ യോഗത്തിലായിരുന്നു അഗ്‌നിരക്ഷാ സേനയില്‍ വനിതകള്‍ക്കും അവസരം നല്‍കണമെന്ന ചരിത്രപരമായ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകള്‍ സൃഷ്ടിച്ചു. ആദ്യ തസ്തികയില്‍ നിയമനം ലഭിച്ച 80 പേര്‍ക്കും തൃശൂര്‍ ഫയര്‍ അക്കാദമിയിലായിരുന്നു പരിശീലനം. പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല ഫയര്‍ഫോഴ്‌സ് എന്ന് പറഞ്ഞിരുന്ന കാലം മാറി പുരുഷന്മാര്‍ക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പൊരുതാന്‍ ഒരു പെണ്‍പട തന്നെ ഇന്ന് സംസ്ഥാനത്തുണ്ട്.
നിലവില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ എന്നീ അഞ്ച് സ്റ്റേഷനുകളിലായാണ് അഗ്‌നിശമനസേനയുടെ ജില്ലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ചീമേനിയില്‍ പുതിയ സ്റ്റേഷന്‍ കൂടി ഉടന്‍ ആരംഭിക്കുന്നതോടെ സേവനം കൂടുതല്‍ വിപുലമാകും. കുറ്റിക്കോല്‍, ഉപ്പള ഒഴികെയുള്ള അഗ്‌നിരക്ഷാനിലയങ്ങളില്‍ 28 ഫയര്‍മാന്‍മാര്‍ വീതവും, കുറ്റിക്കോല്‍, ഉപ്പള സ്റ്റേഷനുകളില്‍ 24 ഫയര്‍മാന്‍മാര്‍ വീതവുമാണുള്ളത്.
സ്റ്റേഷന്‍ ഓഫീസര്‍, അസി. സ്റ്റേഷന്‍ ഓഫിസര്‍, സീനിയര്‍ ഫയര്‍മാന്‍, ഫയര്‍മാന്‍, ഡ്രൈവര്‍മാര്‍, ഡ്രൈവര്‍ കം മെക്കാനിക് എന്നിവയാണ് തസ്തികകള്‍. വര്‍ഷത്തില്‍ ശരാശരി 1700-ഓളം എമര്‍ജന്‍സി കോളുകളാണ് ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളിലേക്ക് വരുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ കുട്ടികളെ കേന്ദ്രീകരിച്ച് വിപുലമായ ബോധവല്‍ക്കരണ ക്ലാസുകളും സേന നടത്തിവരുന്നു.