ഇടുക്കി: നെടുങ്കണ്ടം മൈലാടുംപാറയില്‍ കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. മൈലാടുംപാറ മാലികുടിയില്‍ അനൂപ് ജോര്‍ജിനാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 8:30തോടെ നെടുങ്കണ്ടത്ത് ജോലി കഴിഞ്ഞ് മൈലാടുംപാറയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുമ്പോഴാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ അനൂപിന്റെ കാലിനും കൈക്കും പരിക്കേറ്റു.
റോഡരികിലെ പാറയില്‍ തലയിടിച്ചാണ് അനൂപ് ജോര്‍ജി വീണത്. ഹെല്‍മറ്റ് വെച്ചതിനാല്‍ തലയ്ക്ക് പരിക്ക് ഏറ്റില്ല. നാട്ടുകാര്‍ ഉടന്‍ തന്നെ നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മേഖലയില്‍ കാട്ടുപന്നിയുടെ ശല്യം അതിരൂക്ഷമാണ്. സംസ്ഥാനപാതയിലടക്കം വൈകുന്നേരങ്ങളിലും പുലര്‍ച്ചെയും കാട്ടുപന്നിയുടെ സാന്നിധ്യം പതിവാണ് എന്ന് നാട്ടുകാര്‍ പറഞ്ഞു.