ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ബ്രൗണ്‍ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തരുവണയില്‍ രാത്രി ബഹളമുണ്ടാക്കിയ ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ആസാം സ്വദേശി ഷാസഹാന്‍ അലി(22) യാണ് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പത്താം തീയ്യതി രാത്രി ഇയാള്‍ ബഹളമുണ്ടാക്കുന്നതായി നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയതോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യുവാവിന്റെ അരയില്‍ ഒളിപ്പിച്ച നിലയില്‍ 0.10 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ആണ് പൊലീസ് പിടിച്ചെടുത്തത്. വെള്ളമുണ്ട എസ്എച്ച്ഒ ടികെ മിനിമോള്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാഷിദ്, അഭിനന്ദ്, ശരത്, വിജിത്ത് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *