സൗദിയില്‍ ഉച്ചസമയ ജോലിക്ക് നിരോധനം; നിയമം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

റിയാദ്: ശക്തമായ ചൂട് നിലനില്‍ക്കുന്നതിനാല്‍ സൗദി അറേബ്യയില്‍ ഉച്ചവെയിലില്‍ പൊതുസ്ഥലങ്ങളിലെ ജോലിക്ക് നിരോധനം വരുന്നു. ജൂണ്‍ 15 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയം, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്തിന്റെ സഹകരണത്തോടെയാണ് ഈ നിയമം നടപ്പിലക്കുന്നത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഉച്ചവെയിലില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധം നടപ്പാക്കാന്‍ തുടങ്ങും. ഈ വര്‍ഷം സെപ്റ്റംബര്‍ 15 വരെയാണ് നിരോധനം നിലനില്‍ക്കുന്നത്. തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുക, ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കുക, അന്താരാഷ്ട്ര തൊഴില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം നല്‍കുക എന്നീ ചട്ടക്കൂടിനുള്ളിലാണ് ഈ തീരുമാനം എന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

അതേസമയം തൊഴിലുടമകള്‍ ജോലിസമയം നിയന്ത്രിക്കാനും ഈ തീരുമാനത്തിലെ വ്യവസ്ഥകള്‍ പാലിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങളില്‍ നിന്ന് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന തൊഴില്‍ പരിക്കുകളും രോഗങ്ങളും കുറയ്ക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *