ജൂണ്‍ 8 ലോക സമുദ്രദിനം: കടലിന്നഗാധമാം നീലിമയില്‍…….

പാലക്കുന്നില്‍ കുട്ടി..

അനന്തമായ വിസ്മയ ലോകമാണ് കടലും സമുദ്രവും. മത്സ്യം തരുന്ന ഇടം എന്നതിനപ്പുറം കാണാമറയത്തെ ഉള്‍ക്കാഴ്ചകളുടെ അപാര ശേഖരങ്ങളെക്കുറിച്ച് അറിയാന്‍ നമ്മളില്‍ പലരും താല്പര്യപ്പെടാറില്ല.
മുത്തുകളുടെയും രത്‌നങ്ങളുടെയും കലവറയായി എണ്ണിയെണ്ണി പറയാനാവാത്ത പലവിധ അമൂല്യ സ്രോതസ്സുകളുടെ ഉറവിടമാണ് കടലും സമുദ്രവും. കാലാവസ്ഥ നിയന്ത്രിക്കുന്നതും നമ്മുടെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഓക്‌സിജന്റെ നല്ലൊരു ശതമാനം തരുന്നതും കടലാണ്.ഇതൊക്ക അറിഞ്ഞു കൊണ്ട് ജൈവ വൈവിധ്യങ്ങളുടെ അക്ഷയഖനിയായ കടലിനെ നമ്മള്‍ കൊല്ലാക്കൊല ചെയ്യുകയല്ലേ ഇപ്പോള്‍. നിഘണ്ടുവില്‍ ലഭ്യമായ പദങ്ങള്‍ നിരത്തി കടലിനെ വര്‍ണ്ണിക്കാന്‍ ആരും ഇവിടെ പിശുക്ക് കാട്ടാറുമില്ല.
ഓരോ സമുദ്ര ദിനത്തിലും ഈ വര്‍ണ്ണന തുടരുകയാണ് നമ്മള്‍. പക്ഷേ ആ ദിനം പിന്നിടുന്നതോടുകൂടി ഈ കടലും കടലോരങ്ങളും മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായി നമ്മള്‍ അംഗീകരിച്ച പോലെയാകും.കടലിനെയും തീരങ്ങളെയും വേണ്ടും വിധം സംരക്ഷിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല എന്നതല്ലേ സത്യം?

കപ്പല്‍ ദുരന്തങ്ങള്‍

ഈ വര്‍ഷത്തെ സമുദ്രദിനത്തില്‍ നമുക്ക് ഓര്‍ത്തു വെക്കാന്‍ ഒരു കപ്പല്‍ ദുരന്തം കേരളതീരത്തുണ്ടായി. കണ്ടെയ്‌നറുകള്‍ കയറ്റി യാത്ര തിരിച്ച കപ്പല്‍ പതുക്കെ പതുക്കെ ചെരിഞ്ഞു കടലിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നു പോയി. നാളിതുവരെ കടലിന്റെ ആഴങ്ങളില്‍ അടിഞ്ഞവര്‍ന്ന കപ്പലുകളുടെയും മറ്റു കടല്‍ യാനങ്ങളുടെയും യഥാര്‍ത്ഥ കണക്കെടുത്താല്‍ ഞെട്ടിപ്പോകും നമ്മള്‍. മനുഷ്യര്‍ ഇല്ലെങ്കിലും കടല്‍ എന്ന മഹാത്ഭുതം ഈ ഭൂലോക വിസ്തൃതിയുടെ മൂന്നില്‍ രണ്ടുഭാഗം കയ്യടക്കി വിസ്മയം നിലക്കാത്ത കാഴ്ചയെന്നോണം തിരമാലകള്‍ തീരത്ത് അടിച്ച് അലമുറയിട്ടു കൊണ്ടേയിരിക്കും.

കൈരളിയും ചന്ദ്രഗുപ്തയയും

നാളിതുവരെ എന്തൊക്കെയാണ് ഈ കടല്‍ പേറിയിട്ടുള്ളത് എന്നൊരു കണക്കെടുപ്പ് അസാധ്യമാണ്. നമ്മുടെ സംസ്ഥാനം ആദ്യമായി കടലില്‍ ഇറക്കിയ കച്ചവട കപ്പലായ കൈരളി നാലര പതിറ്റാണ്ട് മുന്‍പ് ഒരു തുമ്പും നല്‍കാതെ അപ്രത്യക്ഷമായത് ഇന്നും അതീവ നിഗൂഢമായ ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്. കൈരളിയോടൊപ്പം 53 പേരാണ് നാലര പതിറ്റാണ്ടു മുന്‍പ് ചെങ്കടല്‍ തീരത്ത് കാണാതായത്. ക്യാപ്റ്റന്‍ അടക്കം ഭൂരിപക്ഷവും മലയാളികള്‍. തിരോധാനത്തിലെ അവ്യക്തത കൈരളിയെ മറ്റു കപ്പല്‍ ദുരന്തങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. കാണാമറയത്ത് ഒരു മറിമായം പോലെ മുഴുവന്‍ ജീവനക്കാരോടൊപ്പം അപ്രത്യക്ഷമായത് മാരിടൈം ലോകത്ത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്. കൈരളിയുടെ ദുരന്തത്തിന് ഒരു വര്‍ഷം മുന്‍പ് ഭാരത സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എസ് സി ഐ) ചന്ദ്രഗുപ്ത എന്ന ബള്‍ക്ക് കാരിയാര്‍ കപ്പല്‍ നാല് സ്ത്രീകളും രണ്ടു കുട്ടികളും അടക്കം 64 പേരുടെ ജീവനാണ് അപഹരിച്ചത്. കടല്‍ ക്ഷോഭത്തില്‍ പെട്ടതാണ് ചന്ദ്രഗുപ്തയുടെ ദുരന്തത്തിന് കാരണം. 1977 – 78 കാലയളവില്‍ നോര്‍ത്ത് പസഫിക്കില്‍ മാത്രം ആറ് ദുരന്തങ്ങളിലായി 126 മനുഷ്യജീവനുങ്ങളാണ് അന്ന് നഷ്ടമായത്.

ബര്‍മുഡ ട്രയാങ്കിള്‍

കപ്പലുകളും വിമാനങ്ങളും കടലിന്റെ അടിത്തട്ടിലേക്ക് ഉള്‍വലിയുന്ന വിചിത്ര സംഭവങ്ങളാണ് ബര്‍മുഡ ട്രയാങ്കിളില്‍ നടന്നത്. ഒരു മലേഷ്യന്‍ യാത്രാവിമാനം 2014 മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നടിഞ്ഞത് ആരും മറന്നുകാണില്ല. ആധുനിക ശാസ്ത്രലോകത്തിന് മുന്നില്‍ കടലുമായി ബന്ധപ്പെട്ട അഴിയാത്ത കടംകഥകളായി ഇതു പോലുള്ള കൗതുക വിശേഷങ്ങളുടെ പട്ടിക വലുതാണ്.
വിസ്മയം നിലക്കാത്ത കാഴ്ച എന്നോണം തിരമാലകള്‍ തീരത്ത് അടിച്ചു കൊണ്ടിരിക്കുന്നു. ജീവന്റെ ഉത്ഭവം തന്നെ കടലാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് സംരക്ഷിക്കേണ്ടതിനുപകരം പെറ്റമ്മയുടെ ഉദരത്തില്‍ കയറി നിന്ന് സംഹാരതാണ്ഡവമാടുകയല്ലേ നമ്മള്‍ ചെയ്യുന്നത്. മറ്റാരും കാണാതെ നമ്മള്‍ വലിച്ചെറിയപ്പെടാത്തതായി എന്താണ് ഉള്ളത്. മറുവാക്കു പോലും പറയാതെ കടലമ്മ എല്ലാം സ്വീകരിക്കുന്നു.വിഴുങ്ങാന്‍ കഴിയുന്നവയൊഴികെ മറ്റെല്ലാം കാര്‍ക്കിച്ചു തുപ്പും. അതെല്ലാം തീരത്തടിഞ്ഞു കുമിഞ്ഞു കൂടുമ്പോള്‍ പരിസ്ഥിതി സംരക്ഷകര്‍ നമ്മെ നോക്കി കണ്ണുരുട്ടി കാണിക്കും. ബോധവല്‍ക്കരണം എന്ന ചെലവ് രഹിത അധരസേവനത്തിന്റെ ആയുസ്സ് ആ ദിവസത്തോടെ അവസാനിക്കും. രാഷ്ട്രപിതാവിന്റെ ജന്മദിനത്തില്‍ സന്നദ്ധ സംഘടനകള്‍ നാടുനീളെ മാലിന്യങ്ങള്‍ അടിച്ചുവാരി വൃത്തിയാക്കുന്ന സേവനദൗത്യം തീരദേശ മേഖലകളില്‍ എത്തുന്നതും പതിവില്ല. തദ്ദേശഭരണ നിര്‍വഹണ കേന്ദ്രങ്ങള്‍ക്ക് അതിനായി സ്ഥിരം സംവിധാനങ്ങളും ഇല്ല. ഭൂമിയില്‍ മനുഷ്യവാസം ആരംഭിച്ച നാള്‍ മുതല്‍ കടലും കടലോരങ്ങളും ഇതെല്ലാം പേറുന്നുണ്ടല്ലോ. ഇനിയും അത് തുടരട്ടെ, അല്ലേ.

പ്ലാസ്റ്റിക് എന്ന മഹാവിപത്ത്

കരയിലായാലും കടലിലായാലും മാലിന്യങ്ങളില്‍ ഏറ്റവും ഭീഷണി പ്ലാസ്റ്റിക് തന്നെയാണ് . കടലിന് താങ്ങാവുന്നതില്‍ അപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ നിക്ഷേപിക്കപ്പെടുന്നത്. ഓരോ വര്‍ഷവും 14 മില്യണ്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടലിന് ഭാരമാകുന്നത് എന്നാണ് ആധികാരിക കേന്ദ്രങ്ങളുടെ കണക്ക്.

ആകെ മാലിന്യങ്ങളുടെ 80 ശതമാനവും പ്ലാസ്റ്റിക് തന്നെയാണത്രേ. പ്ലാസ്റ്റിക്കുകള്‍ 450 വര്‍ഷം വരെ അതേപടി കടലില്‍ കിടക്കുമെന്നാണ് യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. മീന്‍പിടുത്ത വലകള്‍ 600 വര്‍ഷം വരെ കേടുകൂടാതെ കിടക്കുമത്രെ.
ഈ നില തുടര്‍ന്നാല്‍ 2050 നോട് അടുക്കുമ്പോഴേക്കും കടലിലെ മത്സ്യ സമ്പത്തിനേക്കാള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടലില്‍ കുമിഞ്ഞു കൂടുമെന്നാണ് അവരുടെ നിഗമനം.

കപ്പലുകളില്‍ നിന്ന്….

കപ്പലുകളില്‍ നിന്ന് പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്ന ശീലം നാവികര്‍ എന്നോ മറന്നു. 35 വര്‍ഷം മര്‍ച്ചന്റ് നേവി കപ്പലുകളില്‍ ജോലി ചെയ്തവനാണ് ഈ ലേഖകന്‍. കപ്പലുകളില്‍ നിന്ന് എന്തും ഏതും ഇടം വലം നോക്കാതെ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വലിച്ചെറിയാന്‍ ശീലമാക്കിയവരായിരുന്നു പഴയകാല കപ്പലോട്ടക്കാര്‍. പക്ഷേ ആ ശീലം ഇപ്പോള്‍ ഇല്ല. അതൊരു രാജ്യാന്തര നിയമമായി കഴിഞ്ഞു. ജോലി തന്നെ തെറിക്കുന്ന കര്‍ശന നിയമങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്.
പ്ലാസ്റ്റിക് ഒഴികെയുള്ള മാലിന്യങ്ങള്‍ ഇന്‍സിനറേറ്ററില്‍ കത്തിച്ചു കളയാമെങ്കിലും പ്ലാസ്റ്റിക്കുകളും അനുബന്ധമായ മാലിന്യങ്ങളും ദിവസേന അതിനായുള്ള സഞ്ചികളില്‍ കെട്ടിവെച്ച് അടുത്ത തുറമുഖത്ത് ഏല്‍പ്പിക്കുന്നതാണ് നിലവിലെ രീതി.

കടലിന്റെ ഉപരിതലത്തില്‍ ആടിക്കളിക്കുന്ന എല്ലാ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കരയില്‍ നിന്നാണ് അവിടെ എത്തുന്നത്. അതിലേറെയും കടല്‍ കരയിലേക്ക് തന്നെ തള്ളുന്നു. ഉപേക്ഷിക്കുന്ന മീന്‍പിടുത്ത വലകള്‍, പ്ലാസ്റ്റിക്കുകള്‍ തുടങ്ങിയവ കടല്‍ ജീവികള്‍ക്ക് വലിയ ഭീഷണിയാണ്.
സോളാര്‍ വയലറ്റ് റേഡിയേഷന്റെയും കാറ്റിന്റെയും ഒഴുക്കിന്റെയും സ്വാധീനത്താല്‍ കടലില്‍ തള്ളി വിടുന്ന പ്ലാസ്റ്റിക്കുകള്‍ അഞ്ചുമില്ലി മീറ്ററിലും കുറഞ്ഞ ചെറുകഷണങ്ങളായി രൂപാന്തരപ്പെടുമ്പോള്‍ അവ കടലില്‍ അദൃശ്യ വസ്തുക്കളായി മാറുന്നു. കടല്‍ ജീവികള്‍ അതെല്ലാം അറിയാതെ അകത്താക്കും. പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള സാങ്കേതിക ഭൗതിക സംവിധാനങ്ങള്‍ മിക്ക രാജ്യങ്ങളിലും പരിമിതമാണെന്നതിനാല്‍ കടലിലേക്കുള്ള തള്ളല്‍ ഏറി വരികയാണ്.

ലോക സമുദ്ര ദിനം

സമുദ്രത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനും അതിന്റെ നാശത്തിലേക്കുള്ള ഇന്നത്തെ അവസ്ഥയ്ക്ക് തടയിടാനുമുള്ള ബോധവല്‍ക്കരണ ദിവസമാണ് ജൂണ്‍ 8. 1992 ബ്രസീലിലെ റിയോഡി ജാനി റോയല്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയിലാണ് ഈ ആശയം ആദ്യം പൊങ്ങി വന്നത്. തത്വത്തില്‍ ഇത് അംഗീകരിച്ചുവെങ്കിലും 2008ല്‍ ഐക്യരാഷ്ട്രസഭ ഇതിന് ഔദ്യോഗിക അംഗീകാരം നല്‍കി രാജ്യാന്തര സമുദ്ര ദിനമായി ആചരിക്കുകയാണ്. സമുദ്ര സംരക്ഷണവും പരിപാലനവും ആണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കടല്‍, സമുദ്രം

കടലും സമുദ്രവും തമ്മില്‍ എന്താണ് വ്യത്യാസം എന്നത് പലരുടെയും സംശയമാണ്. ഭൂഗോളത്തിന്റെ ഉപരിതലത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ് കടല്‍. ഉദാഹരണം അറേബ്യന്‍, മെഡിറ്ററേനിയന്‍,കരീബിയന്‍ മുതലായവ. ആഴവും പരപ്പും കൂടുമ്പോള്‍ അത് സമുദ്രമാകും. പസഫിക്ക്, അറ്റ്‌ലാന്റിക്ക്, ഇന്ത്യന്‍, ആര്‍ട്ടിക്ക്, അന്റാര്‍ട്ടിക്ക് എന്നിവയാണ് സമുദ്രങ്ങള്‍. കടലിന്റെയും സമുദ്രത്തിന്റെയും രക്ഷിക്കായുള്ള ഒരു ദൃഢപ്രതിജ്ഞയാവട്ടെ ജൂണ്‍ 8.

( സമുദ്ര സംരക്ഷണവുമായി ബന്ധപ്പെട്ട് 1998 ല്‍ അമേരിക്കയിലെ മോബിള്‍ ഓയില്‍ ആന്‍ഡ് ഷിപ്പിങ് കമ്പനി രാജ്യാന്തര തലത്തില്‍ നടത്തിയ പ്രബന്ധം മത്സരത്തില്‍ ഒന്നാം സ്ഥാനവും സ്‌പെഷല്‍ ഫ്‌ളീറ്റ് അവാര്‍ഡും നേടിയ ലേഖകന്‍ കാസര്‍കോട് ജില്ലാ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് ആണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *