തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയ സ്ത്രീയുടെ സ്വര്‍ണ മാല കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ആയുര്‍വേദ കോളേജ് ഭാഗത്ത് ബസില്‍വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ ശോഭകുമാരിയുടെ 10 പവന്റെ സ്വര്‍ണമാല ഒരു സംഘം മോഷ്ടിച്ചത്. സംഭവത്തില്‍ തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിനിയായ രതിയെ വഞ്ചിയൂര്‍ പൊലീസ് പാലക്കാട് നിന്നാണ് അറസ്റ്റു ചെയ്തത്.
അതേസമയം ഈ കേസില്‍ തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശിയായ ഇളയരാജയെ നേരത്തെ പൊള്ളാച്ചിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊങ്കാല ദിവസം കാറിലെത്തിയ സംഘം ലുലുമാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ബസിലും ഓട്ടോയിലുമായി കിഴക്കേകോട്ടയിലെത്തി. ഉച്ചയ്ക്ക് 1.30ഓടെ മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ബസില്‍ കയറി മോഷണം ആരംഭിച്ചു. കാര്യം നടന്നാല്‍ കാറില്‍ കയറി രക്ഷപ്പെടുകയാണ് ഇവരുടെ രീതി.
അന്നും സംഘം കാറില്‍ ഇതുപോലെ മുങ്ങുകയായിരുന്നു. ഇളയരാജയെ പിടികൂടിയ പൊലീസ് മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മോഷണത്തിന് ശേഷം ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ഡസ്റ്റര്‍ കാറും പിടിച്ചെടുത്തിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു