കണ്ണൂര്‍: ട്രെയിനില്‍ യാത്രയില്‍ ആധാര്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം. ടിക്കറ്റ് പരിശോധകര്‍ എം-ആധാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാണ് റെയില്‍വേ ഉത്തരവിട്ടിരിക്കുന്നത്. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിറകെയാണിത്. കാറ്ററിങ് ജീവനക്കാരുടെയും ശുചീകരണ വിഭാഗം ജീവനക്കാരുടെയും ആധാറും പരിശോധിക്കണം. കൂടാതെ വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആള്‍മാറാട്ടവും ദുരുപയോഗവും തടയുകയാണ് ലക്ഷ്യം.
അതേസമയം പരിശോധനയില്‍ ആധാര്‍ കാര്‍ഡ് വ്യാജമാണെന്ന് തോന്നിയാല്‍ ഉടന്‍ റെയില്‍വേ സംരക്ഷണസേനയെയോ പോലീസിനെയോ അറിയിക്കണം. നിലവില്‍ ടിക്കറ്റ് പരിശോധകര്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് എം-ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് നിര്‍ദേശം. ടിക്കറ്റ് പരിശോധകരുടെ ടാബില്‍ ആപ്പ് ലഭ്യമാക്കും. ഇന്ത്യയുടെ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി (യുഐഡിഎഐ) വികസിപ്പിച്ച ആപ്ലിക്കേഷനാണ് എം-ആധാര്‍.
ക്യുആര്‍ കോഡ് ഉള്‍പ്പെടെ പരിശോധിക്കാം. സ്‌കാന്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍, പേര്, വിലാസം ഉള്‍പ്പെടെ പ്രധാന തിരിച്ചറിയല്‍ വിവരങ്ങള്‍ ആപ്പ് പ്രദര്‍ശിപ്പിക്കും. ഓഫ്ലൈന്‍ മോഡിലും ആപ്പ് പ്രവര്‍ത്തിക്കും.