ആടിയും പാടിയും അവധിക്കാലം ആഘോഷമാക്കി സാമൂഹ്യപഠനമുറിയിലെ കുട്ടികള്‍

വിജ്ഞാനത്തിനൊപ്പം വിനോദവും പകര്‍ന്നു നല്‍കി കുട്ടികള്‍ക്ക് അവധിക്കാലം വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റിയിരിക്കുകയാണ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറികള്‍. വകുപ്പ് തലത്തില്‍ കാസര്‍കോട്, പരപ്പ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളുടെ ഭാഗമായി ആകെ 53 സാമൂഹ്യ പഠനമുറികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ പഠനമുറികളില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ രണ്ടുമാസകാലം നീണ്ടുനിന്ന വ്യത്യസ്തങ്ങളായ പരിപാടികളാണ് പഠനോത്സവത്തിന്റെ ഭാഗമായി വകുപ്പ് നടത്തി വരുന്നത്. പട്ടികവര്‍ഗ്ഗ മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുക, പഠന നിലവാരം ഉയര്‍ത്തുക, അവരുടെ സര്‍ഗാത്മകശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പരിശീലനം നല്‍കുക, ഉയര്‍ന്ന ഗ്രേഡുകളില്‍ ബോര്‍ഡ് പരീക്ഷകള്‍ വിജയിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക, പഠനത്തോടൊപ്പം കുട്ടികള്‍ക്ക് കരിയര്‍ നൈപുണ്യ പരിശീലനങ്ങള്‍ നിരന്തരം നല്‍കുക തുടങ്ങിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കുതകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ‘സാമൂഹ്യപഠനമുറി’ പദ്ധതി വഴി നടപ്പാക്കി വരുന്നത്.

ഓരോ പഠനമുറിയും ‘സ്‌കൂള്‍ സപ്പോര്‍ട്ടിംഗ് സെന്റര്‍’ ആയിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. സ്‌കൂള്‍ സമയം കഴിഞ്ഞ് വരുന്ന പഠിതാക്കള്‍ക്ക് സ്വയം പഠനത്തിനും സംശയ നിവാരണത്തിനും വഴിയൊരുക്കുന്നു. ഇതിനായി വകുപ്പ് ഒരു ഫെസിലിറ്റേറ്ററെ നിയമിച്ചിട്ടുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞുള്ള സമയങ്ങളില്‍ പഠന വിഷയങ്ങളില്‍ ഹോം വര്‍ക്കുകള്‍ അടക്കം ചെയ്യാന്‍ കുട്ടികളെ സഹായിക്കുക, ചെറിയ കുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയൊക്കെയും ഫെസിലിറ്റേറ്ററുടെ ചുമതലയാണ്. സ്‌കൂള്‍വിട്ട് വരുന്ന കുട്ടികള്‍ക്ക് വേണ്ടി ലഘു ഭക്ഷണവും വിതരണം ചെയ്യുന്നു.പാഠ്യ വിഷയങ്ങള്‍ക്ക് പുറമേ പഠനേതര വിഷയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപഠനം മുറിവഴി നടത്തിവരുന്നു.

അവധിക്കാലത്ത് മൊബൈല്‍ സ്‌ക്രീന്‍ അടക്കമുള്ള വിവരസാങ്കേതികതയുടെ ലോകത്ത് തളച്ചിടപ്പെടുന്ന ബാല്യങ്ങളെ അക്ഷരങ്ങളുടെയും അറിവിന്റെയും കലാകായിക മേഖലകലൂടെയും ലോകത്ത് എത്തിക്കുന്ന പ്രവര്‍ത്തനമാണ് പഠനോത്സവത്തിന്റെ ഭാഗമായി വകുപ്പ് നടത്തിയത്. പഠന വിഷയങ്ങള്‍ക്ക് പുറമേ കൃഷി, പരിസ്ഥിതി തുടങ്ങിയ വിവിധ മേഖലയിലുള്ള വിഷയങ്ങളെ മുന്‍നിര്‍ത്തി പഠന ക്ലാസുകള്‍, ചിത്രരചന ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങള്‍, നാടന്‍ കളികള്‍ ,കലാപരിപാടികള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍, ആരോഗ്യ ക്ലാസുകള്‍, കരകൗശല-പേപ്പര്‍ ക്രാഫ്റ്റുകള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പരിശീലനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വിവിധയിനം കായിക മത്സരങ്ങള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ഉല്ലാസ യാത്രകള്‍, ഫുഡ് ഫെസ്റ്റിവല്ലുകള്‍, എന്നീ പ്രവര്‍ത്തനങ്ങളാണ് പഠനോത്സവത്തിന്റെ ഭാഗമായി വകുപ്പ് നടപ്പിലാക്കി വരുന്നത്. പഠനമുറികളില്‍ 1000 പുസ്തകങ്ങള്‍ ഉള്ള നിരവധി ലൈബ്രറികളും പ്രവര്‍ത്തിക്കുന്നുണ്ട്. കുറച്ച് ലൈബ്രറികള്‍ക്ക് അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവയ്ക്ക് അഫിലിയേഷന്‍ ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *