നശാമുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്‍; അധ്യാപകര്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ലഹരി വില്‍പന ശൃംഖല തകര്‍ക്കുന്നതിനോടൊപ്പം ലഹരിയുടെ ആവശ്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളും ഉണ്ടാവണമെന്ന് ജില്ലാ പോലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിപറഞ്ഞു. നശാമുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ സാഹചര്യങ്ങളില്‍ നിന്ന് വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികളെ എങ്ങനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാം, സമൂഹത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ പിടിയില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നീ വിഷയങ്ങളില്‍ അധ്യാപകരെ ബോധവല്‍ക്കരിക്കുന്നതിനായി ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ജില്ല സോഷ്യല്‍ പോലീസിംഗ് ഡിവിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ഏകദിന ശില്‍പ്പശാലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് ആര്‍.കെ മാള്‍ ഗ്രാന്‍ഡ്യൂര്‍ ഹാളില്‍ നടന്ന ശില്‍പശാലയില്‍ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നീ ഉപജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള അദ്ധ്യാപകര്‍ പങ്കെടുത്തു.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി രാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എ.ഡി.എം പി അഖില്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.കെ ജയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ശില്‍പശാലയോടനുബന്ധിച്ച് പ്രതിരോധത്തില്‍ ജീവിത നൈപുണ്യ പരിശീലനത്തിന്റെയും പാരന്റിങ്ങിന്റെയും പ്രാധാന്യം എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.ധീരജ് ദിലീപ് മയക്ക് മരുന്ന് ഉപയോഗം -സാമൂഹിക പ്രത്യാഘാതവും നിയമവശങ്ങളും എന്ന വിഷയത്തില്‍ റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവന്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി.ബാലകൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തി. സോഷ്യല്‍ പോലീസിങ് ഡിവിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.ഐ പി.കെ രാമകൃഷ്ണന്‍ മോഡറേറ്ററായി. നശാമുക്ത് ഭാരത് അഭിയാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി ചിത്തിര, സീനിയര്‍ ക്ലാര്‍ക്ക് പി.കെ രഘുനാഥന്‍ എന്നിവര്‍ ശിപശാല ഏകോപിപ്പിച്ചു. നാടകവീട് ചാലിങ്കാല്‍ അവതരിപ്പിച്ച ലഹരിവിരുദ്ധ നാടകം ‘കുരുക്ക്’ അരങ്ങേറി.

വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഇടയില്‍ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് നശാമുക്ത് ഭാരത് അഭിയാന്‍. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലെയും അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സാമൂഹ്യനീതി ഓഫീസ് ഉപജില്ലാതലത്തില്‍ ഏകദിന ശില്പശാലകള്‍ സംഘടിപ്പിച്ചു വരികയാണ്. ചെറുവത്തൂര്‍, ചിറ്റാരിക്കല്‍, ഹോസ്ദുര്‍ഗ്, ബേക്കല്‍ ഉപജില്ലകളിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള ക്ലാസുകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് നിലവില്‍ ശില്പശാല പൂര്‍ത്തികരിച്ചുകഴിഞ്ഞു. നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ച് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ 26 വരെ ജില്ലയിലെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി തീരദേശ മേഖലകളില്‍ സൗഹൃദ കായിക മത്സരങ്ങളും മലയോര മേഖല കേന്ദ്രികരിച്ച് നാടന്‍ കളികളും നാട്ടരങ്ങും അസ്പിറേഷണല്‍ ബ്ലോക്കില്‍ ഏകദിന സെമിനാറും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *