സ്‌കൂള്‍ തുറക്കാറായി, ഈ ഓവുചാലുകള്‍ ഒന്ന് മൂടിത്തരാമോ

പാലക്കുന്ന്: പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയോരത്ത് അംബിക
ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഭാഗത്തെ ഓവു ചാലുകള്‍ കുട്ടികള്‍ക്കും മറ്റു യാത്രക്കാര്‍ക്കും അപകട ഭീഷണിയായി തുടരുന്നു.
കെ എസ് ടി പി റോഡു പണിയുടെ ഭാഗമായി എടുത്തു മാറ്റിയ ഓവുചാലിന്റെ സ്ലാബുകള്‍ പണി പൂര്‍ത്തിയായപ്പോള്‍ യഥാസ്ഥാനത്ത് ഉറപ്പിക്കാതെ ജോലിക്കാര്‍ തടിതപ്പുകയായിരുന്നു. പാലക്കുന്ന് ക്ഷേത്ര ഗോപുര കവാടം മുതല്‍ മര്‍ച്ചന്റ് നേവി ക്ലബ്ബിലേക്ക് തിരിയുന്ന കപ്പണക്കാല്‍ റോഡ് വരെയുള്ള ഓവുചാലിന്റെ ദ്രവിച്ചു പഴകിയ സ്ലാബുകള്‍ സ്‌കൂള്‍ ചുമരിന്റെ ഓരത്ത് കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഓവുചാലുകള്‍ മാലിന്യം നിറഞ്ഞ് കിടക്കുന്നതിനാല്‍ മഴവെള്ളം റോഡിലേക്കാണ് ഒലിച്ചു പോകുന്നത് തിരക്കേറിയ സംസ്ഥാന പാതയിലേക്കാണ്. ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ക്ളീന്‍സിറ്റി അവാര്‍ഡ് നേടിയ ടൗണാണിത്. ആ ഭംഗി പാടേ വികൃതമാക്കുന്നതാണ് മാലിന്യം നിറഞ്ഞ ഈ ഓവുചാലും അതിലൂടെ റോഡിലേക്ക് ഒഴുകുന്ന അഴുക്ക് വെള്ളവുമെന്ന് പഞ്ചായത്ത്തല ‘ക്ലീന്‍ പാലക്കുന്ന്’ കമ്മിറ്റി പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു.
റോഡ് ഇപ്പോള്‍ പൊതു മരാമത്തുവകുപ്പിന്റെ കീഴിലാണെന്നും പഞ്ചായത്ത് ഇതില്‍ ഇടപെടേണ്ട കാര്യമില്ലെന്നും ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നത്തോടെ പ്രവേശന കവാടത്തിലൂടെ സ്‌കൂളിലേക്ക് നടന്നു പോകുന്ന കുട്ടികള്‍ പൊട്ടി പൊളിഞ്ഞ് അഴുക്ക് നിറഞ്ഞ അടപ്പില്ലാത്ത ഓവുചാലില്‍ വീഴാനുള്ള സാധ്യത ഏറെയാണ്. അത് ചൂണ്ടിക്കാട്ടി കാസര്‍കോട് പൊതുമരാമത്ത് വിഭാഗത്തിന് രണ്ടാഴ്ച മുന്‍പ് പരാതി നല്‍കിയിരുന്നുവെന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *