മഴക്കാലപൂര്‍വ്വ ശുചീകരണ, ജാഗ്രത പ്രവര്‍ത്തനങ്ങളുമായി കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ഏഴ് ഗ്രാമപഞ്ചായത്തുകള്‍. ബേഡഡുക്ക, ബെള്ളൂര്‍, ദേലംപാടി, കാറഡുക്ക, കുമ്പഡാജെ, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകള്‍ കാലവര്‍ഷത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെടുന്ന മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡുതല ശുചിത്വസമിതികള്‍ ചേരുകയും മാലിന്യമുക്തനവകേരളം- മാലിന്യമുക്തപഞ്ചായത്ത് പ്രഖ്യാപനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും വ്യാപാരികളുടെയും ഓട്ടോ തൊഴിലാളികളുടെയും പങ്കാളിത്തത്തോടെ പ്രധാന ടൗണുകളിലടക്കം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെയും ഭാഗമായി വിവിധ ആരോഗ്യ കേന്ദ്രങ്ങളും വീടുകളും കേന്ദ്രീകരിച്ചും പൊതുജലാശയങ്ങള്‍ ഓടകള്‍ നീര്‍ചാലുകള്‍ തുടങ്ങി കൊതുക് പെരുകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു എല്ലാ പഞ്ചായത്തുകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി.ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ കിണറുകളില്‍ നടത്തി വരുന്ന ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള പഞ്ചായത്തുകള്‍ മെയ് അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് .സ്‌കൂളുകള്‍,അംഗന്‍വാടികള്‍,മറ്റ് പൊതുസ്ഥാപനങ്ങള്‍ എന്നിവ പഞ്ചായത്ത് ഭാരവാഹികള്‍ സന്ദര്‍ശിക്കുകയും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും,ബോധവല്‍ക്കരണ ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ പരിസരങ്ങളിലും പാതയോരങ്ങളിലും അപകടസാധ്യത യുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് തലത്തില്‍ നടത്തി വരുന്നുണ്ട്.തൊഴിലുറപ്പ് തൊഴിലാളികളുടെയും ആരോഗ്യ വകുപ്പിന്റെയും കൂട്ടായ നേതൃത്വത്തില്‍ കൊതുക്, ഈച്ച തുടങ്ങിയ രോഗ വ്യാപന സ്വഭാവമുള്ള പ്രാണികളുടെ പ്രജനന സ്ഥലം ഇല്ലാതാക്കി.
ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ആരോഗ്യ ജാഗ്രതാ സമിതി, ഹെല്‍ത്ത് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും കുറ്റിക്കോല്‍, ബേഡഡുക്ക പഞ്ചായത്തു പരിധിയില്‍ ഉള്ള എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എല്ലാ ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട് .ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് മഴക്കാലപൂര്‍വ്വശുചീകരണ പ്രവര്‍ത്തനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനം എന്ന നിലയില്‍ ജനുവരി മാസത്തില്‍തന്നെ ഇന്റര്‍സെക്ടറല്‍ കോര്‍ഡിനേഷന്‍ സമിതി യോഗം ചേര്‍ന്നു.2500 ഐ ഇ സി നോട്ടിസുകള്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു.ഹോട്ടല്‍ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധനയും പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു.പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജ്ജിതം ആക്കുന്നതിന്റെ ഭാഗമായി ഒരു വര്‍ഷത്തെ ആരോഗ്യ കലണ്ടറും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്.ജില്ല മൈഗ്രേന്റ് സ്‌ക്രീനിങ് ടീംന്റെ നേതൃത്വത്തില്‍ പള്ളപ്പാടി,കുളദപ്പാറ,ബജ,കിന്നിംഗാര്‍ പ്രദേശങ്ങളില്‍ പരിശോധന നടത്തി. കുറ്റിക്കോല്‍ പഞ്ചായത്ത് പരിധിയില്‍ പെടുന്ന വിവിധ കുടിവെള്ള സ്രോ തസ്സുകളില്‍ നിന്നുള്ള ജലം ശേഖരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി, സംരംക്ഷണമില്ലാത്ത കിണറുകളില് നിന്നും നീരുറവകളില്‍ നിന്നുമുള്ള ജലം ഉപയോഗിക്കുന്നതിനെതിരെ ജനങ്ങളെ ബോധവത്കരിച്ചു .കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മണ്ണിടിച്ചിലുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെയും കിടപ്പുരോഗികളായ വയോജനങ്ങളെയും പ്രത്യേകം പട്ടികപ്പെടുത്തി. അടിയന്തിര സാഹചര്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങളും പഞ്ചായത്ത് നടത്തുന്നുണ്ട്.ദേലംപാടിയില്‍ ഗ്രാമപഞ്ചായത്തും ഫോറസ്റ്റ് കെ.എസ്.ഇ.ബി വകുപ്പുകളും ചേര്‍ന്ന് ഒരു ജോയിന്റ് ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനും പഞ്ചായത്ത് യോഗത്തില്‍ തീരുമാനമെടുത്തു. മഴ കനക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വയംരക്ഷാര്‍ത്ഥം ഉപയോഗിക്കാന്‍ ഉതകുന്ന പ്രാഥമിക ശുശ്രൂഷ, ഫയര്‍ എസ്സ്‌റ്റേഷന്‍ യൂണിറ്റ് എന്നിവയില്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തു. മഴവെള്ള സംഭരിക്കുന്നതിനായി മുളിയാര്‍ ഗ്രാമപഞ്ചായത്ത് കിണര്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പഞ്ചായത്ത് പരിധിയില്‍ പെടുന്ന 16 വീടുകളില്‍ ഓരോ ലക്ഷം രൂപ വീതം അനുവദിച്ച് വാട്ടര്‍ റീചാര്‍ജ് പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.