കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കട്ടിളപ്പാളി കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി പ്രോസിക്യൂഷന്‍ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച അപേക്ഷ നല്‍കി. അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. 285 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, കേസിലെ ദ്വാരപാലക കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ എസ്ഐടി ഹൈക്കോടതിയില്‍ സാവകാശം തേടിയിട്ടുണ്ട്.
1998-ല്‍ സന്നിധാനത്ത് സ്ഥാപിച്ച സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും 2019-ലും 2023-ലും അറ്റകുറ്റപ്പണികളുടെയും പുനര്‍നിര്‍മ്മാണത്തിന്റെയും പേരില്‍ ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയപ്പോഴാണ് വന്‍തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ടത് എന്നാണ് കേസ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, പി.എസ്. പ്രശാന്ത്, മുന്‍ ബോര്‍ഡ് അംഗം അജികുമാര്‍, ഉണ്ണികൃഷ്ണന്‍ പോറ്റി തുടങ്ങിയവര്‍ പ്രതിപ്പട്ടികയിലുള്ള ഈ കേസില്‍ നിലവില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.