പാലക്കുന്ന്: തുളുനാടിന്റെ സ്വന്തം ഉത്സവമായ ‘പൊലിയന്ദ്ര’ത്തിന് തുടക്കമായി.ജില്ലയില്‍ തൃക്കരിപ്പൂര്‍ മുതല്‍ കര്‍ണ്ണാടകയിലെ കുന്താപുരം വരെ ചില ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും തെയ്യ കാവുകളിലും ഐശ്വര്യത്തിന്റെ പ്രതീകമായാണ് പൊലിയന്ദ്രം നടത്തുന്നത്. പാലമരത്തിന്റെ ശിഖരങ്ങള്‍ വെട്ടി എടുത്ത് അതില്‍ വെച്ച മണ്‍ചിരാതുകളില്‍ തിരിതെളിച്ച് സന്ധ്യാ നേരത്ത് ‘പൊലിയന്ദ്രാ പൊലിയന്ദ്രാ ഹരിയോ ഹരി’എന്ന് മൂന്ന് തവണ സ്തുതി ചൊല്ലി മഹാബലിയെ അരിയിട്ട് വണങ്ങുന്ന ലളിതമായ അനുഷ്ഠാന ചടങ്ങാണിത്.ജില്ലയില്‍ ചില ഇടങ്ങളില്‍ ഇത് ഉത്സവാഘോഷമാണ്.തുലാമാസത്തിലെ വാവ് മുതല്‍ മൂന്ന് ദിവസം നീളുന്ന ഈ ചടങ്ങിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലും ഭണ്ഡാര വീട്ടിലും തിങ്കളാഴ്ച സന്ധ്യാദീപാരാധനയ്ക്ക് ശേഷം തുടക്കമായി.ബുധനാഴ്ച സമാപിക്കും.