ഉപഭോക്തൃ സംരക്ഷണം, അളവ് തൂക്ക കൃത്യത, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിലെ കൃത്യത എന്നിവ ഉറപ്പ് വരുത്തി ലീഗല്‍ മെട്രോളജി വകുപ്പിന്റെ സേവനങ്ങളെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിന്റെ ഭാഗമായി, കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ ബട്ടത്തൂരില്‍ നിര്‍മ്മിച്ച സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറി യൂണിറ്റ് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്ത്യകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നാടിന് സമര്‍പ്പിച്ചു.
ഉത്തരമേഖലയിലെ ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ലബോറട്ടറി യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ സമീപ ജില്ലകളിലെ ലീഗല്‍ മെട്രോളജി ഓഫീസുകളില്‍ ഉപയോഗിക്കുന്ന വര്‍ക്കിംഗ് സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങളുടെ കാലികമായ പുന: പരിശോധനയില്‍ കൃത്യത വരുത്താന്‍ സാധിക്കും .
1.5 കോടി രൂപ ചിലവഴിച്ച് 7000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഒരുക്കിയ ആധുനിക സൗകര്യത്തൂടെയുള്ള മൂന്ന് നില കെട്ടിടമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്.
ഇന്ത്യയുടെ അളവ് തൂക്ക സംവിധാനത്തിന്റെ ആധാരമായ ഡല്‍ഹിയിലെ നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയില്‍ സൂക്ഷിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് രാജ്യത്തുടനീളമുള്ള റഫറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികള്‍ ( ആര്‍ ആര്‍ എസ് എല്‍ ) പ്രവര്‍ത്തിക്കുന്നത്. ഇവയുടെ കീഴിലുള്ള സെക്കന്‍ഡറി സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളിലാണ് ലീഗല്‍ മെട്രോളജി വര്‍ക്കിംഗ് സ്റ്റാന്‍ഡേഡുകള്‍ പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണംചെയ്യുന്ന രീതിയില്‍ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ സെക്കന്‍ഡറി ലബോറട്ടറി യൂണിറ്റ് സ്ഥാപിച്ചത്.
ഇതോടൊപ്പം വിഭാവനം ചെയ്ത ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് അടുത്ത ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യും.
ഇന്ധന വിതരണ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന പെട്രോള്‍/ഡീസല്‍ ടാങ്കര്‍ ലോറികളുടെ അളവുകള്‍ കൃത്യതപ്പെടുത്തുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിലും പുതിയയതായ സ്ഥാപിക്കുന്ന കാലിബ്രേഷന്‍ യൂണിറ്റ് നിര്‍ണ്ണായകമാവും. നിലവില്‍ കോഴിക്കോട് ജില്ലയിലാണ് ടാങ്കര്‍ ലോറി കാലിബ്രേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. യൂണിറ്റ് നിലവില്‍ വരുന്നതോടെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഇതിലൂടെ ഗുണം ലഭിക്കും.