ഭരണി ഉത്സവം കൊടിയിറങ്ങി ; പാലക്കുന്ന് കഴകത്തില്‍ തിരക്കൊഴിയുന്നില്ല

പൂരോത്സവത്തിന് തിങ്കളാഴ്ച കുലകൊത്തും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം വ്യാഴാഴ്ച രാവിലെ കൊടിയിറങ്ങി. ഉച്ചയോടെ ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിച്ചുവെങ്കിലും പാലക്കുന്ന് കഴകം വീണ്ടും മറ്റൊരു ഉത്സവ ആഘോഷത്തിരക്കിലേക്ക്. കുലകൊത്തി നടത്തുന്ന ഉത്സവങ്ങളില്‍ അവസാനമായി നടത്തുന്ന പൂരത്തിന് തിങ്കളാഴ്ച്ച ഭണ്ഡാര വീട്ടില്‍ കുലകൊത്തുകയാണ്. ഉത്രവിളക്ക് അടക്കം 8 ദിവസം നീളുന്ന പൂരോത്സവത്തിന് 25 ന് തുടക്കം കുറിക്കും.ഏപ്രില്‍ 2 ന് ഭണ്ഡാരവീട്ടില്‍
വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി, മൂവാളംകുഴി ചാമുണ്ഡി തെയ്യങ്ങളുടെ കോലങ്ങള്‍ കെട്ടിയാടും. തീരുന്നില്ല തിരക്ക്. കഴകത്തില്‍ രണ്ട് തറവാടുകളില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവങ്ങളും ഏപ്രിലില്‍ നടക്കാനുണ്ട്. ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ ശനിയാഴ്ച രാത്രി കൂവം അളക്കും. 16 മുതല്‍ 19 വരെയാണ് അവിടെ തെയ്യംകെട്ട്. കൂവം അളക്കല്‍ പൂര്‍ത്തിയായ ചേറ്റുകുണ്ട് മീത്തല്‍ വീട് തറവാട്ടില്‍ 7 മുതല്‍ 9 വരെ തെയ്യംകെട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *