കേരള സംസ്ഥാന വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ലയില്‍ സിറ്റിങ് നടത്തി
സ്ത്രീ പുരുഷ സൗഹൃദങ്ങളെ സമൂഹം നോക്കി കാണുന്ന രീതി മാറേണ്ടതുണ്ടെന്ന് കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷന്‍ അംഗം. സമൂഹത്തിലെ ചിലയിടങ്ങളില്‍ നിന്നുണ്ടാകുന്ന സദാചാര ആക്രമണങ്ങള്‍ തികച്ചും തെറ്റായതും തിരുത്തേണ്ടതുമാണ്. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ തമ്മിലുള്ള സൗഹൃദത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണത സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. ജെന്റര്‍ ഇക്വാലിറ്റി പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം സമൂഹത്തില്‍ ശക്തമായി നടക്കുമ്പോഴും ചില കോണുകളില്‍ നിന്ന് സ്ത്രീപുരുഷ സൗഹൃദങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രവണതകള്‍ പരിശോധിക്കപ്പെടേണ്ടതാണ്.
സമൂഹത്തില്‍ നടക്കുന്ന ഇത്തരം പ്രവണതയ്ക്ക് എതിരെ കുറേക്കൂടി ഉയര്‍ന്ന ജാഗ്രത ആവശ്യമാണ്. അതിന്റെ ഭാഗമായി കേരള സംസ്ഥാന വനിതാകമ്മീന്‍ സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സബ്ജില്ലാ തലത്തിലും ജാഗ്രതാ സമിതികളിലും, സ്‌കൂള്‍, കോളേജ് തലങ്ങളിലുമെല്ലാം ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും ബോധ വത്ക്കരണ ക്ലാസുകള്‍ ജൂണ്‍ മാസം മുതല്‍ ആരംഭിക്കുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. കലാലയജ്യോതി – ഉണര്‍വ്, പ്രീ, പോസ്റ്റ് മാരറ്റില്‍ കൗണ്‍സിലിങ്ങുകളും ശക്തമാക്കും.
കുടുംബാന്തരീക്ഷത്തിലെ സ്ത്രീ ജീവിതത്തെ ദുഷ്‌ക്കരമാക്കുന്ന അവസ്ഥയാണ് സമൂഹത്തില്‍ കണ്ടു വരുന്നത്. കുടുംബത്തിനകത്തെ പുരുഷന്‍മാരുടെ ജീവിത രീതിയിലെ പ്രശ്‌നങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്. ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതിനാല്‍ വീടുകളില്‍ സ്ത്രീകള്‍ ശാരീരിക അക്രമങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകുന്നു. വരുമാനത്തില്‍ കൂടുതല്‍ ചിലവ് വരുന്ന രീതി പിന്‍തുടരുന്ന കുടുംങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്യുന്നു എന്നത് കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 53 പരാതികള്‍ പരിഗണിച്ചു. അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. 47 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. കാസര്‍കോട് വനിതാസെല്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.കെ ജയശ്രീ, കെ. അമൃത, അഡ്വ. ഇന്ദിര, ഫാമിലി കൗണ്‍സിലര്‍ രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.