കാസര്‍കോട്ജില്ലയില്‍ 104 സ്‌കൂളുകളിലായി പരീക്ഷ എഴുതിയ 15462 കുട്ടികളില്‍ 10992 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയില്‍ 71.09 ശതമാനം വിജയം. 932 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് തെക്കില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. 453 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 388 കുട്ടികള്‍ പാസായി.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ 1175 പേര്‍ പരീക്ഷ എഴുതി. 725 പേര്‍ പാസായി. വിജയ ശതമാനം 61.70.
2025 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2025 മാര്‍ച്ചിലെ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പക്ഷം ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണ്ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനയോ അപേക്ഷിക്കാം. ഇരട്ട മൂല്യനിര്‍ണ്ണയം നടന്ന ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ അവര്‍ക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍, അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്ററി പോര്‍ട്ടലിലും ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് 500 രൂപയും ഉത്തരക്കടലാസ്സുകളുടെ പകര്‍പ്പിന് 300 രൂപയും സൃഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്.