കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ മഹല്‍ ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീ മടിയന്‍ കോലോം ക്ഷേത്രപാലക ക്ഷേത്രത്തിലെ കലശോത്സവം മെയ് 23,24 വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും. മെയ് 23 വെള്ളിയാഴ്ച അകത്തെ കലശവും മെയ് 24 ശനിയാഴ്ച പുറത്തെ കലശവും. അകത്തെ കലശോ ത്സവത്തില്‍ മണാളന്‍, മണാട്ടി മാഞ്ഞാളിയമ്മ എന്നീ തെയ്യങ്ങളുംഅടോട്ട് മൂത്തേടത്ത് കുതിര്,മധുരക്കാട് വയല്‍, കിഴക്കുംകര ഇളയിടത്ത് കുതിര് എന്നിവിടങ്ങളിലെ കലശങ്ങളും എഴുന്നള്ളിക്കും. പുറത്തെ കലശോത്സവത്തിന്റെ ഭാഗമായി കാളരാത്രി, ക്ഷേത്രപാലകന്‍, നടയില്‍ ഭഗവതി എന്നീ തെയ്യങ്ങളും, മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള മീന്‍ കോവ സമര്‍പ്പണവും അടോട്ട് മൂത്തേടത്ത് കുതിര്,മധുരക്കാട് വയല്‍ എന്നിവിടങ്ങളിലെ ഓരോ കലശവും കിഴക്കുംകര ഇളയിടത്ത് കുതിര് വകയായി രണ്ട് കലശവും മടിക്കൈ പെരിയാങ്കോട്ട് ക്ഷേത്രത്തിന് കീഴിലുള്ള തീയ്യര്‍ പാലം കളരിയില്‍ നിന്ന് രണ്ട് കലശവും എഴുന്നള്ളിക്കും. കലശങ്ങള്‍ അലങ്കരിക്കുന്നതിനുള്ള കവുങ്ങിന്‍ പൂക്കുല, ചെക്കിപ്പൂ എന്നിവ ശേഖരിക്കുന്നതിനായി പൂക്കാര്‍ സംഘങ്ങള്‍ ഇന്ന് രാവിലെ പുറപ്പെട്ടു. രാവിലെ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം ശ്രീ പാടാര്‍ക്കുളങ്ങര ക്ഷേത്രത്തിലെത്തിയ ആചാര സ്ഥാനികരും കലശക്കാരനും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുംമറ്റുള്ളവരും ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ച ശേഷം അടോട്ട് കളരിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കളയരിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ പ്രസാദമായ കഞ്ഞി കുടിച്ച ശേഷം മടിയന്‍ കൂലോം ക്ഷേത്രപാലകനെ വണങ്ങി പൂക്കള്‍ ശേഖരിക്കുന്നതിനായി പുറപ്പെട്ടു. വീണച്ചേരി വടക്കേവീട്, അരയാല്‍ തറയ്ക്കാല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം വാരിക്കാട്ട് ഇല്ലത്ത് എത്തി പൂക്കള്‍ ശേഖരിക്കുന്നതിനുള്ള അനുമതി വാങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്ന് പൂക്കള്‍ ശേഖരിച്ചു. തുടര്‍ന്ന് പച്ചിക്കാരന്‍ തറവാട്ടിനു സമീപത്തുനിന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞു പൂക്കള്‍ ശേഖരിക്കുന്നതിനായിവീണ്ടും പുറപ്പെട്ടു. വൈകുന്നേരത്തോടുകൂടി കാട്ടുകുളങ്ങര ശ്രീ കുതിരക്കാളി ദേവസ്ഥാനത്ത് എത്തിച്ചേര്‍ന്നശേഷം അവിടെനിന്ന് വീണ്ടും യാത്ര തിരിച്ച് മൂലക്കണ്ടത്ത് സംഗമിച്ച് ഇരു സംഘങ്ങളായി വീണ്ടും തിരിഞ്ഞ് അടോട്ട് പൂക്കാര്‍ സംഘാംഗങ്ങള്‍ വെള്ളിക്കോത്ത് വഴി അടോട്ട് കളരിയില്‍ എത്തിച്ചേര്‍ന്നു. കളരിയില്‍ എത്തിയ സംഘാംഗങ്ങളെ വിളക്കും തളികയുമേന്തി സ്വീകരിച്ച ശേഷം ചക്ക കൊണ്ടുള്ള എരിശ്ശേരി മറ്റ് പച്ചക്കറികള്‍ എന്നിവ കൊണ്ട് തയ്യാറാക്കിയ കറിയും മറ്റും ചേര്‍ത്ത് പ്രത്യേക കഞ്ഞിയും നല്‍കി.