ജില്ലയില്‍ മാതൃകയാണ് സ്വസ്തി സായംപ്രഭ
85 വയസ്സുള്ള ചോയി അമ്പുവിനും 70 വയസ്സുള്ള സരോജിനി അമ്മയ്ക്കും സ്വസ്തി സായംപ്രഭ എന്നത് ഏകാന്തത നിറഞ്ഞ പകലുകളെ അതിജീവിക്കാനുള്ള ഇടമാണ്. ചോയി അമ്പുവും സരോജിനിയും മാത്രമല്ല 60 വയസ്സിന് മുകളില്‍ പ്രായമുള്ള പത്തോളം പേരാണ് സ്വസ്തി സായംപ്രഭയില്‍ ഒരു കുടുംബമായി പകലുകള്‍ പങ്കിടുന്നത്. ഈ ഒത്തുചേരല്‍ മാനസികമായും ശാരീരികമായും വലിയ മാറ്റങ്ങളാണ് തങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് ഓരോ അംഗങ്ങളും അഭിമാനത്തോടെ പറയുന്നു. 2018 ല്‍ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലേ ഭരണസമിതി പഞ്ചായത്ത് വയോജന സൗഹാര്‍ദ്ദപരമാക്കുക എന്ന ലക്ഷ്യത്തോടുകൂടി പകല്‍വീട് ആരംഭിക്കുന്നതിന് വേണ്ടി മുന്നാട് എന്ന പ്രദേശത്ത് കെട്ടിടം നിര്‍മ്മിക്കുന്നത്.
എന്നാല്‍ കോവിഡും, പഞ്ചായത്ത് പരിധിയിലെ കെയര്‍ ടേക്കര്‍മാരുടെ അഭാവവും പകല്‍ വീടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തുകൊണ്ട് 2024ല്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടും കൂടി പകല്‍ വീട് വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. മാനസിക ഉല്ലാസത്തിന് വേണ്ടി ടെലിവിഷന്‍, ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഓപ്പണ്‍ ജിം സൗകര്യം എന്നിവയും പകല്‍ വീടിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതര്‍ ലഭ്യമാക്കി. വയോജനങ്ങള്‍ക്ക് വേണ്ടി ഒരു ഗ്രന്ഥശാലയും, പത്രങ്ങളും ഏര്‍പ്പെടുത്തി. ഇവരെ ശുശ്രൂഷിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി ഒരു കെയര്‍ ഗീവേറെയും നിയമിച്ചു. വയോജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതിനുപുറമേ അവരുടെ മാനസിക ഉല്ലാസത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക, കാഴ്ച പരിമിതരും അക്ഷരാഭ്യാസം ഇല്ലാത്തവരുമായ അംഗങ്ങള്‍ക്ക് വേണ്ടി പത്രങ്ങളും പുസ്തകങ്ങളും വായിച്ചു കൊടുക്കുക എന്ന ജോലികളും കെയര്‍ ടേക്കര്‍ ഏറ്റെടുത്തു.
2024 ല്‍ സ്വസ്തി പകല്‍ വീട് നവീകരിക്കപ്പെട്ട സായംപ്രഭ ഹോമുകളുടെ പട്ടികയില്‍ ഉള്‍പെട്ടു. പഞ്ചായത്ത് തലത്തില്‍ ആരംഭിക്കുന്ന പകല്‍ വീടുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സാമൂഹ്യനീതി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സായംപ്രഭ ഹോം. ഇതിനായി അടിസ്ഥാന സൗകര്യ വികസനത്തിനായി 2,80,000 രൂപ വകുപ്പ് തലത്തില്‍ നല്‍കിവരുന്നു. കൂടാതെ കെയര്‍ ഗിവര്‍മാര്‍ക്കുള്ള ഓണറേറിയം 50% സാമൂഹ്യനീതി വകുപ്പും 50% ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നല്‍കുന്നു. സായമ്പ്രഭ ഹോമുകള്‍ക്ക് ആവശ്യമായ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, വിനോദയാത്രകളും യോഗകളും സംഘടിപ്പിക്കുക എന്നിവയെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണ്. ജില്ലയില്‍ നീലേശ്വരം, കിനാനൂര്‍- കരിന്തളം, പിലിക്കോട്, പുല്ലൂര്‍ പെരിയ, ബളാല്‍, ബേഡഡുക്ക, അജാനൂര്‍, പനത്തടി എന്നീ പഞ്ചായത്തുകളിലായി പത്ത് സായംപ്രഭകളാണ് ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്നത്.