തിരുവനന്തപുരം: മിതമായ നിരക്കില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്ന അമൃത് ഫാര്‍മസികള്‍ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ (വി.എസ്.എസ്.സി.) ക്യാംപസുകളില്‍ സ്ഥാപിക്കുന്നതിനായി എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡും വി എസ് എസ് സിയും തമ്മില്‍ ധാരണയിലെത്തി. ഇതുപ്രകാരം, വി എസ് എസ് സിയുടെ വട്ടിയൂര്‍ക്കാവ്, വലിയമല, വെളി, ആലുവ ക്യാംപസുകളില്‍ അമൃത് ഫാര്‍മസികള്‍ തുറക്കും. വി എസ് എസ് സി ജീവനക്കാര്‍, പെന്‍ഷനേഴ്സ്, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ 38,000ത്തിലധികം ആളുകള്‍ക്ക് അമൃത് ഫാര്‍മസിയുടെ സേവനം ലഭ്യമാകും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ സംരംഭമാണ് അമൃത് ഫാര്‍മസികള്‍. പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ മരുന്നുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമൃത് ഫാര്‍മസികള്‍ ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തുടനീളം മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്തും കോവിഡ് കാലത്തുള്‍പ്പടെ സേവനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും മെഡിക്കല്‍ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്താന്‍ അമൃത് ഫാര്‍മസികള്‍ക്ക് സാധിച്ചു. രാജ്യമെമ്പാടും 220ല്‍ കൂടുതല്‍ അമൃത് ഫാര്‍മസി ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമൃത് ഫാര്‍മസിയുടെ പത്താം വാര്‍ഷികവും എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ഡയമണ്ട് ജൂബിലിയും ആഘോഷിക്കുന്ന ഈ വേളയില്‍ ഫാര്‍മസിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനായി ഡിജിറ്റല്‍ സേവനങ്ങളും ഹോം ഡെലിവറി സംവിധാനവും ആരംഭിച്ചിട്ടുണ്ട്.
ചടങ്ങില്‍ എച്ച് എല്‍ എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡ് റീജണല്‍ മാനേജര്‍ (ആര്‍ബിഡി- സൗത്ത്) മധു മാധവന്‍, എസ് എം (ആര്‍ബിഡി) രഞ്ജി സാമുവല്‍, വി എസ് എസ് സി അസോസിയേറ്റ് ഡയറക്ടര്‍ (പ്രോജക്ടസ്) വിനോദ് കുമാര്‍ എന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. അഷ്റഫ് എ കെ, ചീഫ് കണ്‍ട്രോളര്‍ മനോജ് സി, ഡെപ്യൂട്ടി ഡയറക്ടര്‍ (എം എസ് എ) ആനന്ദ് കെ, എസിസി/ ഐഎഫ്എ സീനിയര്‍ ഹെഡ് ബീന പി, പി ആന്‍ഡ് എസ് സീനിയര്‍ ഹെഡ് പ്രസാദ് കെ, പി ആന്‍ഡ് ജിഎ ഹെഡ് ഹരി കെ എന്‍ എന്നിവര്‍ പങ്കെടുത്തു.