തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു. പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.