എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കുട്ടി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങളും

എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തുന്ന സന്ദര്‍ശകര്‍ക്ക് മുന്നില്‍ വേറിട്ട കാഴ്ച്ച ഒരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ഗ്രൂപ്പിലെ കുട്ടികള്‍. നമ്മളെല്ലാം വീട്ടില്‍ പാചക വാതകം ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മളീ ഉപയോഗിക്കുന്ന മാരക പ്രഹര ശേഷിയുള്ള പാചക വാതകത്തിന് ചോര്‍ച്ച ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ നമുക്ക് എല്ലായെപ്പോഴും സാധിക്കാറില്ല. അതിന് കഴിയുന്ന ഡിറ്റക്റ്റര്‍ ഉണ്ടാക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലെ ചില കുട്ടികള്‍.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഡിറ്റക്റ്റര്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ ഘട്ടം ലീക്കാവുന്ന ഗ്യാസിന്റെ അളവ് വളരെ നേരിയ തോതില്‍ ഉള്ളതാണെങ്കില്‍ ഗ്യാസ് ലീക്ക് ആയിട്ടുണ്ടെന്ന വിവരം വീട്ടുകാര്‍ അറിയുന്ന തരത്തില്‍ ഡിറ്റക്റ്റര്‍ സ്വയം ശബ്ദമുണ്ടാക്കും. ആ നേരത്തു വീട്ടില്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഈ ശബ്ദം വഴി ആളുകള്‍ക്ക് വാതക ചോര്‍ച്ച മനസിലാക്കാം.

ഡിറ്റക്റ്ററുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറിലേക്ക് അപകട സന്ദേശം എത്തുന്നതാണ് രണ്ടാം ഘട്ടം. ആദ്യ ഘട്ടത്തെ അപേക്ഷിച്ചു ഗ്യാസ് ചോര്‍ച്ച കൂടുതല്‍ ആണെങ്കില്‍ ആണ് സന്ദേശം അയക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ഈ നമ്പറിലേക്ക് ഓട്ടോമാറ്റിക്കലി കോള്‍ പോകുന്ന സാഹചര്യമുണ്ടാകും. വാതക ചോര്‍ച്ച ഏറ്റവും കൂടുതലാകുമ്പോഴാണ് ഈ വഴി ഡിറ്റക്റ്റര്‍ സിഗ്നല്‍ നല്‍കുക. വാതക ചോര്‍ച്ച ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലെ വായുവിന്റെ മാറ്റം സെന്‍സര്‍ ചെയ്താണ് മിഷ്യന്‍ പ്രവര്‍ത്തിക്കുന്നത്. ശേഷം മറ്റ് സംവിധാനങ്ങള്‍ വഴി വീട്ടുകാരെ വിവരം അറിയിക്കുന്നു.

കാണികളുടെ ഏത് ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ ശേഷിയുള്ള ഏഐ സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മ്മിച്ച റോബോട്ടുകള്‍, ത്രീ ഡി പ്രിന്റര്‍ തുടങ്ങി തീപിടിത്തം ഉണ്ടാകുന്ന സ്ഥലങ്ങള്‍ സ്വയം കണ്ടെത്തി പ്രദേശത്തു പോയി സ്വയം തീയണക്കുന്ന സംവിധാനങ്ങള്‍ വരെ കുട്ടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. കേരള സര്‍ക്കാറിന് കീഴില്‍, കാസര്‍കോട് ജില്ലയിലെ വ്യത്യസ്ത പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യത്യസ്ത സാഹചര്യത്തില്‍ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഈ നൂതന കണ്ടെത്തലുകള്‍ക്കെല്ലാം പിന്നില്‍ എന്നതാണ് ഏറ്റവും കൗതുകമുണര്‍ത്തുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *