രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാന തല ഉദ്ഘാടനം നടന്ന കാസര്‍കോട് കാലിക്കടവ് മൈതാനത്തെ പരിപാടിക്ക് ഏപ്രില്‍ 27ന് തിരശ്ശീല വീഴും. ഏപ്രില്‍ 21 മുതല്‍ നടന്ന പ്രദര്‍ശന വിപണന മേള കാലിക്കടവില്‍ ഉത്സവമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രദര്‍ശന വിപണന മേളയും വൈകീട്ട് അഞ്ച് മുതല്‍ രാത്രി 10 വരെ നടക്കുന്ന കലാ സാംസ്‌ക്കാരിക പരിപാടികളും മേളയുടെ മാറ്റ് കൂട്ടുന്നു. ജനസാഗരം ഓഴുകിയിറങ്ങുന്ന സ്റ്റാളുകളിലും പ്രദര്‍ശന വേദിയിലും ആകെ സംസ്ഥാന സര്‍ക്കാറിന്റെ ഒന്‍പത് വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. സേവനങ്ങളും പുത്തന്‍ അറിവുകളും നേടിയാണ് ഓരോരുത്തരും മേളവിട്ടിറങ്ങുന്നത്. ഓരോ കണ്ണിലും കൗതുകം നിറക്കുന്ന കാഴ്ചകളും വിവരങ്ങളുമായാണ് കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ വരെയും പവലിയന്‍ നടന്നു കാണുന്നത്. പി.ആര്‍.ഡി പവലിയനില്‍ തുടങ്ങി നിറയെ നിരന്നു നില്‍ക്കുന്ന വിവിധ വകുപ്പുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്റ്റാളുകള്‍ക്കൊപ്പം വിപണന സ്റ്റാളുകളുമായി 200 സ്റ്റാളുകളാണ് കാലിക്കടവില്‍ നിറഞ്ഞു നില്‍ക്കുന്നത്. വിവിധ വകുപ്പുകള്‍ തത്സമയ സേവനങ്ങള്‍ സ്റ്റാളുകളില്‍ നല്‍കുമ്പോള്‍ മറ്റ് വകുപ്പുകള്‍ വിവിധ നിര്‍മ്മിതികളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം സാധ്യമാക്കുന്നു.
ഒന്നാം ദിനം ആല്‍ മരം ബാന്റിന്റെ മ്യൂസിക്കല്‍ നൈറ്റില്‍ തുടങ്ങി, കല്ലറ ഗോപന്റെ മധുര ഗീതങ്ങള്‍, കലാമണ്ഡലം സ്വരചന്ദും സംഘവും അവതരിപ്പിച്ച ദുര്യോദന വധം കഥകളി, യുവജനക്ഷേമ ബോര്‍ഡിന്റെ മാര്‍ഗ്ഗം കളി, സംഘ നൃത്തം, യക്ഷനാട്യം, അംഗണവാടി കുട്ടികളുടെ ഒപ്പന, സുഭാഷ് അറുകരയും സുരേഷ് പള്ളിപ്പാറയും ഒരുക്കുന്ന നാടന്‍പാട്ട് പാട്ടരങ്ങ്, കണ്ണൂര്‍ യുവകലാസാഹിതിയുടെ നാടകം ആലഞ്ചേരി വല്യെശ്മാന്‍ വരെ വേദിയെ സാംസ്‌ക്കാരിക മുഖരിതമാക്കി.
മേളയില്‍ ഇന്ന് ഏപ്രില്‍ 26ന്
മേളയില്‍ ഇന്ന് ഏപ്രില്‍ 26ന് രാവിലെ പത്ത് മുതല്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ മേഖലയിലെ മികവുകളും നേട്ടങ്ങളും, പ്ടടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വികസന വകുപ്പുകള്‍ അവതരിപ്പിക്കുന്ന സെമിനാര്‍, വൈകീട്ട് മൂന്നിന് സാമൂഹിക ക്ഷേമം, വനിതാശിശു വികസനം സെമിനാര്‍, വൈകീട്ട് 5.15 മുതല്‍ സാംസ്‌ക്കാരിക പരിപാടികള്‍- പിലിക്കോട് പഞ്ചായത്തിലെ കലാകാരന്‍മാരുടെ നൃത്തശില്‍പം, 5.45ന് ജീവനക്കാരിയായ രജിത അവതരിപ്പിക്കുന്ന മോഹിനിയാട്ടം, വൈകീട്ട് ആറ് മുതല്‍ പട്ടുിറുമാല്‍ ഫെയിം കുഞ്ഞുഭായ് അവതരിപ്പിക്കുന്ന ഇശല്‍രാവ്, വൈകീട്ട് 7.30 മുതല്‍ കുടുംബശ്രീ കലാസന്ധ്യ എന്നിവ അരങ്ങേറും.