എന്റെ കേരളം പ്രദര്‍ശന വിപണന മേള കാണാനെത്തിയ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വേറിട്ട കാഴ്ച്ച ഒരുക്കി ശിശു വികസന വകുപ്പിന് കീഴിലെ അങ്കണവാടി കുട്ടികളുടെയും ടീച്ചര്‍മാരുടെയും ശിശു വികസന വകുപ്പ് ജീവനക്കാരുടെയും വ്യത്യസ്ത കലാ പരിപാടികള്‍.
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ അഞ്ചാം ദിവസം വൈകുന്നേരം കാഞ്ഞങ്ങാട് ഐസിഡിഎസിലെ അങ്കണവാടി കുട്ടികളുടെ ഒപ്പനയും, 50 വയസ്സ് വരെ പ്രായമുള്ള അങ്കണവാടി ടീച്ചര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച യാക്ഷ നൃത്തവും, വനിത ശിശു വികസന വകുപ്പിലെ വനിതാ ജീവനക്കാരികള്‍ അവതരിപ്പിച്ച സമ്പുഷ്ട കേരളം പദ്ധതിയെ അടിസ്ഥാനമാക്കിയുള്ള പോഷകാഹാര ഫ്യൂഷന്‍ ഡാന്‍സും അരങ്ങേരി.
അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍, പോഷകാഹാരങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും നല്‍കുന്ന പോഷകാഹാരങ്ങള്‍ എന്നിവയുടെ ഗുണങ്ങളെ കുറിച്ചു കാണികളില്‍ അവബോധം ഉണര്‍ത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കലാ സന്ധ്യയില്‍ പങ്കെടുത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഏര്‍പ്പെടുത്തിയ ഉപഹാര സമര്‍പ്പണവും ചടങ്ങില്‍ നടന്നു.