രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വയോജന സംഗമം ഒപ്പരം പാറപ്പള്ളിയില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.വാര്‍ഡില്‍ രൂപീകരിച്ച സായാഹ്നം വയോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ 11 അയല്‍ സഭാ കൂട്ടായ്മകളും പ്രവര്‍ത്തിച്ചു വരികയാണ്. ഇവയുടെ നേതൃത്വത്തില്‍ 250ളം ആളുകള്‍ 50 വിഭാഗങ്ങളിലായി വിവിധങ്ങളായ പരിപാടികളാണ് അവതരിപ്പിച്ചത്.പ്രായം മറന്ന് അമ്മമാര്‍ അവതരിപ്പിച്ച ഒപ്പന,സംഘനൃത്തം, സംഘഗാനം എന്നിവയും ലാലൂര്‍ പങ്കജാക്ഷി, ചുണ്ണംകുളം കല്യാണി എന്നിവരുടെ നൃത്തവും കാണികളില്‍ ആശ്ചര്യവും ആവേശവും വിതറി. മാപ്പിളപ്പാട്ട്,പൂരക്കളി – കോല്‍ക്കളി പാട്ട്, നാടന്‍പ്പാട്ട്, നാട്ടിപ്പാട്ട്, കവിത, സിനിമാഗാനം എന്നിവയെല്ലാം വിവിധ അയല്‍ സഭയില്‍ നിന്നും വന്നവര്‍ ആവേശത്തോടെ അവതരിപ്പിച്ചു. എഴുപതും എണ്‍പതും വയസ്സ് പിന്നിട്ട അമ്മൂമ്മമാര്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി .ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി കൃഷ്ണന്‍, പഞ്ചായത്ത് റിസോഴ്‌സ് പേര്‍സണ്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, എ സലിം, പ്രമുഖ എഴുത്തുകാരന്‍ നാരായണന്‍ അമ്പലത്തറ, പി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സിനി ആര്‍ട്ടിസ്റ്റും പ്രമുഖ അവതാരകയുമായ ഷാന ബാലൂര്‍,പ്രമുഖ നാടന്‍ പാട്ടുകാരന്‍ രതീഷ് അമ്പലത്തറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വയോ ക്ലബ്ബ് സെക്രട്ടറി പി.എം.രാമചന്ദ്രന്‍ സ്വാഗതവും വാര്‍ഡ് കണ്‍വീനര്‍ പി.ജയകുമാര്‍ നന്ദിയും പറഞ്ഞു.