തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സെല്ലില്‍ ചികിത്സയില്‍ക്കഴിയുന്ന അഫാനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അന്വേഷണസംഘം നെടുമങ്ങാട് കോടതിയില്‍ കസ്റ്റഡി അപേക്ഷ ബുധനാഴ്ച നല്‍കിയിരുന്നു. ജയിലില്‍ കഴിയുന്ന പ്രതിയെ കോടതിയില്‍ എത്തിച്ചശേഷമാകും പാങ്ങോട് പോലീസ് കസ്റ്റഡിയില്‍ വാങ്ങുക. വിശദമായ ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച അഫാനെ തെളിവെടുപ്പിനായി എത്തിക്കുമെന്നാണ് സൂചന.
ആദ്യം റിപ്പോര്‍ട്ട് ചെയ്ത, പാങ്ങോട്ട് കുടുംബവീട്ടില്‍ പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് സംഭവസ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തുന്നത്. ഈ കേസില്‍ അഫാന്‍ 14 ദിവസത്തെ റിമാന്‍ഡിലാണ്. സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൂന്ന് കേസുകളില്‍ വെവേറെ ദിവസങ്ങളിലാകും തെളിവെടുപ്പു നടത്തുക. തെളിവെടുപ്പ് നടത്തുമ്പോള്‍ എടുക്കുന്ന കനത്ത സുരക്ഷയുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ മൂന്ന് പോലീസ് സ്റ്റേഷനിലെ അന്വേഷണോദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു.