ഹൂസ്റ്റണ്‍: കോടികള്‍ വിലവരുന്ന ആഭരണങ്ങള്‍ വിഴുങ്ങി 32കാരന്‍. ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയിലെ പ്രമുഖ മാളിലാണ് സംഭവം. ടിഫാനി ആന്‍ഡ് കോ എന്ന പ്രമുഖ ജ്വല്ലറി ഔട്ട്‌ലെറ്റില്‍ ബാസ്‌കറ്റ്‌ബോള്‍ താരം ചമഞ്ഞെത്തിയ ജേയ്തന്‍ ഗില്‍ഡര്‍ എന്ന യുവാവാണ് തൊണ്ടിമുതല്‍ വയറില്‍ കുടുങ്ങി അറസ്റ്റിലായിട്ടുള്ളത്. ചുവന്ന തൊപ്പിയും ചുവന്ന ടീ ഷര്‍ട്ടും റിപ്പ്ഡ് ജീന്‍സും ധരിച്ചാണ് ഇയാള്‍ ജ്വല്ലറിയിലേക്ക് എത്തിയത്. ഓര്‍ലാന്‍ഡോയിലെ പ്രശസ്തമായ ഓര്‍ലാന്‍ഡോ മാജിക് ബാസ്‌കറ്റ് ബോള്‍ ടീമിന്റെ പ്രതിനിധിയാണെന്നാണ് ഇയാള്‍ ജ്വല്ലറിക്കാരോട് വിശദമാക്കിയത്.
പിന്നാലെ ജ്വല്ലറിയിലെ വിഐപി മുറിയിലേക്ക് ഇയാളെ ജീവനക്കാര്‍ എത്തിച്ചു. രണ്ട് വജ്ര കമ്മലുകളും ഒരു വജ്ര മോതിരവും ഇയാള്‍ വിശദമായി പരിശോധിക്കാനെടുത്തു. പിന്നാലെ ഇവ എടുത്ത ശേഷം സ്ലെഡിംഗ് ഡോറുകള്‍ തുറന്ന് രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ജ്വല്ലറിയിലെ ജീവനക്കാരുമായി സംഘര്‍ഷമുണ്ടാക്കുകയും പിടിവലിക്കിടെ മോതിരം നിലത്ത് വീഴുകയായിരുന്നു. ജീവനക്കാരെ വെട്ടിച്ച് മാളിലെ മുന്‍വാതിലിലൂടെ രക്ഷപ്പെട്ട ഇയാളെ പൊലീസാണ് പിടികൂടിയത്.
പാര്‍ക്കിംഗ് മേഖലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് 32കാരന്റെ വാഹനം തിരിച്ചറിയാന്‍ സാധിച്ചത്. ഈ വാഹനം ഗതാഗത നിയമ ലംഘനത്തിന് പിടിയിലായതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്യാനായത്. എന്നാല്‍ ഇയാളുടെ പക്കല്‍ നിന്ന് വജ്ര കമ്മലുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അവ ജനലിലൂടെ താന്‍ വലിച്ചെറിഞ്ഞെന്നായിരുന്നു യുവാവ് പൊലീസിനോട് വിശദമാക്കിയത്. യുവാവിനെ വൈദ്യ പരിശോധന നടത്തിയതോടെയാണ് വജ്ര കമ്മലുകള്‍ ഇയാള്‍ വിഴുങ്ങിയതായി വ്യക്തമായത്. ഇനിയും പൊലീസിന് ഈ ആഭരണങ്ങള്‍ തിരിച്ചെടുക്കാനായിട്ടില്ല.