മലപ്പുറം: നിലമ്പൂരില്‍ വയോധികയെ മര്‍ദിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വീട്ടില്‍ നിന്നാണ് അയല്‍വാസിയായ ഷാജിയെ പിടികൂടിയത്. അയല്‍വാസിയുടെ മര്‍ദനമേറ്റ സിഎച്ച് നഗറിലെ ഇന്ദ്രാണി ടീച്ചര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നിലമ്പൂര്‍ പൊലീസ് ആശുപത്രിയിലെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം ഇന്നലെ വൈകിട്ടാണ് മദ്യലഹരിയിലായിരുന്ന പ്രതി വയോധികയെ മര്‍ദിച്ചത്. പകല്‍ സമയങ്ങളില്‍ ടീച്ചര്‍ക്ക് സഹായത്തിന് മകന്‍ ചുമതലപ്പെടുത്തിയ ആളാണ് ഷാജി. മര്‍ദനത്തില്‍ ടീച്ചറുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇന്ദ്രാണി ടീച്ചറെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നഗരസഭയിലെ ജനപ്രതിനിധികളെത്തി ഇന്ദ്രാണി ടീച്ചറെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ടീച്ചറെ സംരക്ഷിക്കുന്നില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും മകനെതിരേയും പരാതികളുണ്ട്.