കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്‍: ജില്ലാ കളക്ട്രേററ്റില്‍ മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാംപെയ്ന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാര്‍ക്കു വേണ്ടി ബോധവല്‍ക്കരണ സെമിനാറും മെഗാ സ്‌ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ഭരണസംവിധാനം, ജില്ലാ പഞ്ചായത്ത് എന്നിവ സംയുക്തമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ നടത്തിയ പരിപാടി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്തോഷ് കപ്പച്ചേരി, മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.

ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി.കെ കൃഷ്ണദാസ്, മുളിയാര്‍ കുടുംബരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എ ഷാജ, കെ.ഭാനുപ്രകാശ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ജീവിത ശൈലീ രോഗ നിര്‍ണയം, ക്ഷയ രോഗ സ്‌ക്രീനിംഗ്, സ്തനാര്‍ബുദ, വദനാര്‍ബുദ, ഗര്‍ഭാശയഗള കാന്‍സര്‍ സ്‌ക്രീനിംഗ്, എച്ച്.ഐ.വി ടെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.
ജില്ലാ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന 43 ഓഫീസുകളിലെ 30 വയസിനു മുകളിലുള്ള 166 വനിതാ ജീവനക്കാര്‍ സ്‌ക്രീനിംഗിന് വിധേയമായി.

2025 ഫെബ്രുവരി നാലിന് ആരംഭിച്ച കാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് നാലിന് വൈകിട്ട് നാല് വരെ ജില്ലയിലെ 23,400 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതില്‍ ശൈലീ സര്‍വ്വേ പ്രകാരം അര്‍ബുദ സാധ്യത കണ്ടെത്തിയവര്‍ക്കും ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കി സ്‌ക്രീനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. ഇത് വരെ 1508 പേരെ തുടര്‍ ചികിത്സക്കായി റഫര്‍ ചെയ്തിട്ടുണ്ട്. ജില്ലയില്‍ 58 ആരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിംഗിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 30 വയസിനു മുകളിലുള്ള മുഴുവന്‍ വനിതകളും ഈ സൗകര്യം പ്രയോജനപ്പെടുത്തി സ്‌ക്രീനിങ്ങിന് വിധേയമാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *