ലഹരിയെ അകറ്റാന്‍ മഹല്ല് കമ്മിറ്റികള്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കണം: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് റമദാന്‍ സന്ദേശം

കാഞ്ഞങ്ങാട്: എം ഡി എം എ അടക്കമുള്ള രാസ ലഹരികള്‍ നമ്മുടെ ബാല കൗമാര യൗവനങ്ങളെ പിടികൂടുകയും അവരുടെ ബോധം ആകെ നഷ്ടപ്പെട്ടും ബന്ധങ്ങളുടെ പവിത്രത വിസ്മരിച്ചും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാരേയും കൊല്ലാനും ചില ഘട്ടങ്ങളിലെല്ങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ വരെ തയ്യാറാകുന്നടത്തേക്ക് എത്തിച്ചേര്‍ന്ന വര്‍ത്തമാന കാല പശ്ചാത്തലത്തില്‍, ഈ റമദാന്‍ മാസത്തിലെ ആത്മ സംസ്‌കരണത്തിന്റെ നാളുകള്‍, നമ്മുടെ ബാല കൗമാര യൗവനങ്ങളെ ശാസ്ത്രീയമായി ബോധവല്‍ക്കരിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ലഹരി മുക്തമായ മഹല്ലുകള്‍ സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണമെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ആഹ്വാനം ചെയ്തു.

മദ്യം നിഷിദ്ധമാണ് എന്ന ഇസ്ലാമിക കല്‍പ്പന എക്കാലത്തും പ്രബോധകന്മാര്‍ അതിശക്തമായി ഏറ്റെടുക്കുകയും പ്രബോധനം ചെയ്യുകയും വഴി, മുസ്ലിം നാമധാരികളായ മദ്യപാനികളുടെ എണ്ണം തുലോം കുറവാണ് എന്നത് ഒരു വസ്തുതയാണ്. മദ്യ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മുസ്ലിം വ്യാപാരികളുടെ എണ്ണവും അംഗുലീ പരിമിതം മാത്രമായിരിക്കും. നിര്‍ഭാഗ്യവശാല്‍, മയക്കുമരുന്ന് ഉപഭോക്താക്കളിലും അതിന്റെ വിപണനക്കാരിലും വലിയൊരു പങ്ക് മുസ്ലിം നാമധാരികളാണ് എന്ന് വാര്‍ത്ത മാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നമ്മെ തെര്യപ്പെടുത്തുമ്പോള്‍, അത് നമ്മുടെ പുതുതലമുറയെ മദ്യത്തേക്കാള്‍ അപകടകാരിയായ മയക്കുമരുന്നിനെ കുറിച്ച് വേണ്ട വിധം ബോധവല്‍ക്കരിക്കുന്നതില്‍ നമുക്ക് സംഭവിച്ചിട്ടുള്ള അപചയമായി തന്നെ നമ്മള്‍ മനസ്സിലാക്കണം.

നമ്മുടെ ബാല കൗമാര യൗവനങ്ങളുടെ ചിന്താശേഷിയെ മരവിപ്പിക്കുകയും അവരെ അതിക്രൂരമായ അതിക്രമങ്ങളിലേക്കും അരാജകത്തിലേക്കും നയിക്കുകയും ചെയ്യുന്ന ഈ വിപത്തിനെ ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ദുരന്തമായി സമീപിക്കാനും ആ വിധത്തില്‍ അതിനെതിരായിട്ടുള്ള ബോധവല്‍ക്കരണങ്ങള്‍ സംഘടിപ്പിക്കാനും നമുക്ക് കഴിയണം. വിശുദ്ധ റമദാനില്‍ ലഭ്യമാകുന്ന ഞായറാഴ്ച ദിവസങ്ങളില്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഒക്കെ അവധി ദിനമായതിനാല്‍ ളുഹ്ര്‍ നിസ്‌ക്കാര ശേഷം എല്ലാ മസ്ജിദുകളിലും ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണ സദസ്സുകള്‍ സംഘടിപ്പിക്കാനും പെണ്‍കുട്ടികളെയും സ്ത്രീകളെയും മാത്രം പങ്കെടുപ്പിക്കുന്ന സദസ്സുകള്‍ മദ്രസകള്‍ കേന്ദ്രീകരിച്ച് നടത്താനും മഹല്ല് ജമാഅത്തുകള്‍ മുന്നോട്ടുവരണമെന്നും അത്തരം ബോധവല്‍ക്കരണ സംരംഭങ്ങള്‍ ഓരോ വിഭാഗത്തിനും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭാഷയിലും അവതരണ രീതിയിലും അവതരിപ്പിക്കാന്‍ കഴിയുന്ന പ്രബോധകരെ തന്നെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം എന്നും കമ്മിറ്റി തുടര്‍ന്ന് പറഞ്ഞു.

നമ്മുടെ വിദ്യാലയങ്ങളില്‍ നിന്നടക്കും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍, റാഗിംഗ് എന്ന ഓമനപ്പേരിട്ട് അതിക്രൂരമായ മര്‍ദ്ദനങ്ങള്‍ സഹപാഠികള്‍ക്കെതിരെ നടത്തുന്നതും ദിനേന ഞെട്ടിക്കുന്ന വാര്‍ത്തകളായി നമ്മേ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇതും ഒരു പരിധി വരെ ലഹരി മരുന്നിന് അടിമപ്പെട്ടവരുടെ വിക്രിയകള്‍ ആയിട്ട് തന്നെയാണ് പോലീസ് അധികാരികളും വര്‍ത്തമാധ്യമങ്ങളും നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.
അത്തരം ഒരു ചുറ്റുപാടില്‍ നമ്മുടെ വിദ്യാര്‍ഥികളെയും യുവതി യുവാക്കളെയും എല്ലാം തന്നെ ബോധവല്‍ക്കരണത്തിന് വിധേയമാക്കേണ്ട അനിവാര്യത നമ്മുടെ മുമ്പില്‍ കൂടുതല്‍ ശക്തമാവുകയാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ അവരെ ലഹരി മാഫിയ വലവീശി പിടിക്കുകയും അവര്‍ക്ക് വിധേയരായി കഴിഞ്ഞാല്‍ ലൈംഗികമായി പോലും അവരെ ചൂഷണം ചെയ്യാനും ലൈംഗിക വിപണത്തിന് അടക്കം ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു എന്ന വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നു. ഇതും ഞെട്ടിക്കുന്ന ഒരു പ്രതിഭാസമാണ്.

ആയതിനാല്‍, ഈ വിശുദ്ധ റമദാനില്‍, മാരകമായ ഈ വിപത്തിനെ നമ്മുടെ അതിര്‍ത്തിയിലേക്ക് പ്രവേശിപ്പിക്കാതിരിക്കാനും ആരെങ്കിലും അകപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആവശ്യമായിട്ടുള്ള എല്ലാ ശാസ്ത്രീയ മാര്‍ഗങ്ങളും സ്വീകരിക്കാനും മഹല്ലുകളുടെ നേതൃത്വത്തില്‍ ശക്തമായ സംവിധാനങ്ങള്‍ ഉണ്ടാകണമെന്ന് കൂടി കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *