ദേശീയപാത വികസനത്തിന്റെ ഭാഗമായി മട്ടളായി കുന്നില്‍ പുതിയ ആറ് വരി പാത മണ്ണ് എടുത്ത ശേഷം പഴയറോഡുമായി ലിങ്ക് ചെയ്യുമ്പോള്‍ അവിടുത്തെ പ്രദേശവാസികള്‍ ആശങ്കയിലാണെന്നും മഴക്കാലത്ത് ഉണ്ടായേക്കാവുന്ന വെള്ളക്കെട്ടും മറ്റ് അപകടങ്ങളും അവര്‍ ഭയക്കുന്നുണ്ട്. ദേശീയപാത നിര്‍മ്മാണം നടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാന്‍ നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ തയ്യാറാകണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. പദ്ധതി വിശദീകരിക്കുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും തയ്യാറാണെന്ന് നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍ അറിയിച്ചു.
നീലേശ്വരം തൈക്കടപ്പുറം അഴിത്തല പ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ മൈനര്‍, മേജര്‍ ഇറിഗേഷന്‍ ഇന്‍ലാന്റ് നാവിഗേഷന്‍ വിഭാഗം എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം നടത്തും.
കയ്യൂര്‍-ചെമ്പ്രക്കാനം റോഡില്‍ വാട്ടര്‍ അതോറിറ്റി പൊളിച്ചിട്ട റോഡുകള്‍ മഴക്ക് മുന്‍പ് നേരെയാക്കണമെന്നും പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാത്ത വിധത്തില്‍ വിഷയം കൈകാര്യം ചെയ്യണമെന്നും എം.എല്‍.എ പറഞ്ഞു. കൊടക്കാട് തേജസ്വിനി പുഴയിലെ കോട്ടപ്പുറത്ത് ഭാഗികമായി പൊളിഞ്ഞ പഴയ നടപ്പാലം 15 ദിവസത്തിനകം പൊളിച്ച് നീക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് വികസന സമിതി എല്‍.എസ്.ജി.ഡി ജെഡിയോട് നിര്‍ദ്ദേശിച്ചു. വെള്ളച്ചാല്‍ എം.ആര്‍.എസിന് കളിക്കളം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. നീലേശ്വരം റെയില്‍വേ മേല്‍പ്പാലം സൈറ്റ് സന്ദര്‍ശിച്ച് സ്ഥല പരിശോധന നടത്തിയതായും അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള എസ്റ്റിമേറ്റ് ഒരാഴ്ചക്കകം സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
അമ്മയും കുഞ്ഞും ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്തണം, ജില്ലയിലെ വിവിധ വകുപ്പുകളിലുള്ള ഒഴിവുകള്‍ കൃത്യസമയത്ത് പി.എസ്.സിയെ അറിയിക്കണം തുടങ്ങി വിവിധ വിഷയങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി അറിയിച്ചു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എന്‍.എ നെല്ലിക്കുന്ന്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.