പാലക്കുന്ന്: പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉദുമ, പള്ളിക്കര പഞ്ചായത്തുകളില്‍ നിന്നുള്ള വര്‍ക്ക് പത്താംതരം വരെ പഠിക്കാന്‍ ഏകആശ്രയമായിരുന്നു ബേക്കല്‍ ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍. (നിലവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍) ഉദുമയിലും പള്ളിക്കരയിലും തച്ചങ്ങാടും പിന്നീട് ഹൈസ്‌കൂളുകള്‍ വന്നെങ്കിലും എസ്എസ്എല്‍സി പൊതു പരീക്ഷ എഴുതാന്‍ ബേക്കലിലെത്തണമായിരുന്നു. വര്‍ഷം പിന്നിടുമ്പോള്‍ മറ്റു സ്‌കൂളുകളുടെ നിലവാരം ഉയരുകയും ബേക്കല്‍ ആ ഗ്രാഫില്‍ നിന്ന് പിന്നോട്ട് വരികയായിരുന്നു.
ഇപ്പോള്‍ ഹയര്‍ സെക്കന്‍ഡറി ആയിട്ടും സ്‌കൂള്‍ പഴയ പ്രതാപത്തിലേക്കെത്തിയിട്ടില്ല. ഗ്രാഫ് ഉയരുകയും ഇടക്ക് താഴേക്ക് വീഴുന്നതുമായ സാഹചര്യത്തിലാണ് സ്‌കൂളിന്റെ പഴയ പേരും പെരുമയും വീണ്ടെടുക്കാന്‍ പി ടി എ യുടെയും പൂര്‍വ വിദ്യാര്‍ഥികളുടെയും എസ് എം സി യുടെയും സഹകരണത്തോടെ സ്‌കൂള്‍ വികസന സമിതി രൂപീകരിച്ചത്. അതില്‍ ഇപ്പോള്‍ ഫലം കണ്ടു തുടങ്ങിയെന്ന് സ്‌കൂളിലെ മുന്‍ വിദ്യാര്‍ഥിയും പിന്നീട് അതേ സ്‌കൂളില്‍ മുന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലും നിലവില്‍ വികസന സമിതി ചെയര്‍മാനുമായ കെ. ജി. അച്യുതനും അവിടെ അധ്യാപകനായ ജനറല്‍ കണ്‍വീനര്‍ എ. കെ. ജയപ്രകാശും പറയുന്നു.
കുട്ടികളുടെ പഠന മികവ് മെച്ചപ്പെടുത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് സമിതി. കെട്ടിട സൗകര്യം ആവശ്യത്തിനുണ്ടെങ്കിലും മതിയായ സ്മാര്‍ട്ട് ക്ലാസുകള്‍ ഇല്ലെന്ന പരാതിക്കും പരിഹാരം കണ്ടെത്തും. ഹയര്‍ സെക്കന്‍ഡറിയിലെ ലാബ് പുനഃസജ്ജീകരിക്കും.അതേ സമയം കലാകായിക പരിശീലനവും നല്‍കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ കോച്ചിങ് ക്യാമ്പും തുടങ്ങി. 5 മുതല്‍ 9 ക്ലാസ് വരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 75 പേര്‍ പരിശീലന ക്യാമ്പിലുണ്ട്.പി. വി. വരുണ്‍ ആണ് പരിശീലകന്‍. വൈകുന്നേരം 4 മുതല്‍ 5.30 വരെയാണ് കോച്ചിങ്. തുടര്‍ന്ന് ക്രിക്കറ്റ്, കൊക്കോ, കബഡി പരിശീലനവും നടത്തും . വികസന സമിതി ചെയര്‍മാന്‍ കെ. ജി. അച്യുതന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്വി. പ്രഭാകരന്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക എല്‍. ഷില്ലി, എസ്എംസി ചെയര്‍മാന്‍ കെ. വി. ശ്രീധരന്‍, രാമകൃഷ്ണന്‍, വിനോദ്, എ. കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.