പാലക്കുന്ന് : ബേക്കല്‍ ടൂറിസം പദ്ധതിയുടെ പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനോടുള്ള റയില്‍വേയുടെ അവഗണനയില്‍ പാലക്കുന്ന് കൂട്ടായ്മ പൊതുയോഗം ശക്തമായി പ്രതിഷേധിച്ചു. മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനത്തെ ഏക പഞ്ചായത്താണ് ഉദുമ. ഹോട്ടലുകളിലേക്കും ടൂറിസ കേന്ദ്രങ്ങളിലും എത്തിപ്പെടാന്‍ ഏക ആശ്രയമാണ് ഈ റെയില്‍വേ സ്റ്റേഷന്‍. ദീര്‍ഘദൂര എക്‌സ്പ്രസ് ട്രൈനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. അതിന്റെ പ്രാരംഭമായി പരശുറാം, ഏറനാട് എക്‌സ്പ്രസ് ട്രൈനുകള്‍ക്ക് ഉടന്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും നിര്‍ദിഷ്ട റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഇനിയും വൈകിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു . വൈസ് പ്രസിഡന്റ് പ്രമീള രാജന്‍ അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി പി. വി. ഉദയകുമാര്‍, ട്രഷറര്‍ ഹരിദാസ് പാലക്കുന്ന്, പാലക്കുന്നില്‍ കുട്ടി, പള്ളം നാരായണന്‍, സി. കെ. കണ്ണന്‍, സുരേഷ് ബേക്കല്‍, രഞ്ജിത്ത് പാലക്കുന്ന്, കെ. കെ. കോട്ടിക്കുളം, മൈമൂന കൊപ്പല്‍, റീത്ത പദ്മരാജ്, മുജീബ് മാങ്ങാട്, അഞ്ജലി അശോക്, രവി പനയാല്‍, ജോസ് ആലപ്പടാന്‍, ബീന എന്നിവര്‍ പ്രസംഗിച്ചു.