തെയ്യം കെട്ടിനാവശ്യമായ കൂട്ടകള്‍ മെടയാന്‍ കുമാരനും ഉഷയും ബദിയടുക്കയില്‍ നിന്ന് കുറുക്കന്‍ കുന്നിലെത്തി

പാലക്കുന്ന് : വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിവിധ ആവശ്യങ്ങള്‍ക്കായി നൂറില്‍പരം കൂട്ടകള്‍ (ബട്ടി) വേണ്ടിവരുന്നുണ്ട്. സാധാരണ മാര്‍ക്കറ്റില്‍ നിന്നാണ് ഇവ കണ്ടെത്തുന്നത്. ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ തെയ്യംകെട്ട് ഉത്സവത്തിനാവശ്യമായ കൂട്ടകള്‍ ബദിയടുക്ക പെര്‍ഡാല ഉന്നതിയിലെ കൊറഗ കോളനിയില്‍ നിന്ന് കുമാരനും(38) ഭാര്യ ഉഷയും(32) നേരിട്ട് തറവാട്ടിലെത്തി മെടഞ്ഞുണ്ടാക്കുകയാണിപ്പോള്‍. കൊറഗ സമുദായത്തില്‍ വിദ്യാഭ്യാസമുള്ളവര്‍ അധികമില്ലെന്നും പത്താം തരം വരെ പഠിക്കാന്‍ അവസരം കിട്ടിയ ഉഷ പറയുന്നു.

കൂട്ട ആവശ്യമുള്ളവരുടെ വീട്ടില്‍ പോയി അത് മെടഞ്ഞു കൊടുക്കുന്ന രീതിയില്ല. ഇത് ആദ്യത്തെ അനുഭവമാണെന്ന് തറവാട്ടുകാരും ഈ ദമ്പതികളും പറയുന്നു. ഈ പാരമ്പര്യ കുല തൊഴിലില്‍ കൊറഗ സമുദായത്തില്‍ അമ്പതോളം കുടുംബങ്ങളെ ഇപ്പോഴുള്ളൂവത്രെ. ഈ കരകൗശല തൊഴില്‍ ആസ്വദിക്കുന്നുണ്ടെങ്കിലും ഒരു കൂട്ടയ്ക്ക് പ്രതിഫലം 300- 350 രൂപയേ കിട്ടുന്നുള്ളുവെന്നാണ് ഇവരുടെ പരിഭവം.
ദിവസം നാലോ അഞ്ചോ കൂട്ടകളാണ് മെടയുന്നത്.

പുല്ലാഞ്ചി മരത്തില്‍ നിന്ന് ശിഖരങ്ങള്‍ വെട്ടിയെടുത്ത് ചെറു വണ്ണത്തില്‍ പിളര്‍ന്ന് എടുത്താണ് കൂട്ട ഉണ്ടാക്കുന്നത്. ഇത് ഏറെ ശ്രമകരമാണെന്ന് ഇവര്‍ പറയുന്നു. പുല്ലാഞ്ചി കിട്ടുന്ന ഇടം കണ്ടെത്തണം. തച്ചങ്ങാട് കോട്ടപ്പാറയിലെ കാടുകളില്‍ നിന്നാണ് ഇവര്‍ക്ക് മരശിഖരങ്ങള്‍ കിട്ടുന്നത്. അവ വെട്ടിയെടുത്ത് വാടക വണ്ടികളില്‍ നാട്ടിലെത്തിക്കും. കുറുക്കന്‍കുന്ന് തറവാട്ടില്‍ തെയ്യം കെട്ടിനുള്ള കൂട്ടകള്‍ മെടഞ്ഞുകൊടുത്ത ശേഷമേ അടുത്ത ഓഡറുകള്‍ സ്വീകരിക്കുവെന്ന് ഇവര്‍ പറയുന്നു. പഞ്ചായത്ത് വക വീട്ടില്‍ വിദ്യാര്‍ഥികളായ മക്കള്‍ പ്രവീണ്‍ കുമാര്‍, പവിത്രയോടൊപ്പമാണ് താമസം.
പാലക്കുന്ന് കഴകം വടക്കേക്കര പ്രാദേശിക സമിതിയില്‍ പെടുന്ന കുറുക്കന്‍കുന്ന് തറവാട്ടില്‍ ഏപ്രില്‍ 29 മുതല്‍ മെയ് ഒന്ന് വരെയാണ് വയനാട്ടുകുലവന്‍ തെയ്യംകെട്ട് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *