പാലക്കുന്ന് ക്ഷേത്ര ഭരണി ഉത്സവത്തിന് കുലകൊത്തി; 24ന് കൊടിയേറ്റം; ആയിരത്തിരി 27ന്

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവം 24 മുതല്‍ 28 വരെ നടക്കും. മുന്നോടിയായി ചൊവ്വാഴ്ച്ച കുലകൊത്തല്‍ ചടങ്ങ് നടന്നു. 23ന് ഭരണികുറിക്കും. നിയുക്ത ഭരണികുഞ്ഞിയെ അന്ന് പടിഞ്ഞാറ്റയില്‍ അരിയിട്ട് വാഴിക്കും. 24 ന് ഉച്ചയ്ക്ക് ശേഷം ക്ഷേത്രത്തില്‍ ആചാരസ്ഥാനികരും വാല്യക്കാരും ചേര്‍ന്ന് ആനപ്പന്തല്‍ ഉയര്‍ത്തും. രാത്രി 9ന് കെട്ടിച്ചുറ്റിയ നര്‍ത്തകരും തിടമ്പുകളും തിരുവായുധങ്ങളും ധ്വജസ്തഭത്തിലേറ്റാനുള്ള കൊടിയും മേലാപ്പുമായി ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികര്‍മങ്ങളും കലശാട്ടും പൂര്‍ത്തിയാക്കി രാത്രി 12.30ന് ഭരണി ഉത്സവത്തിന് കൊടിയേറ്റും.

25ന് ഭുതബലി ഉത്സവനാളില്‍ രാവിലെ 10ന് എരോല്‍കാവ് വൈഷ്ണവി ഭഗവതി ക്ഷേത്ര ഭജന സമിതിയുടെ ഭജന. 1ന് ഉദുമ ദുര്‍ഗാ മഹിളാ ഭജന്‍സിന്റെ ഭജന. 3ന് തെക്കേക്കുന്ന് രക്തേശ്വരി ഭജന സംഘത്തിന്റെ ഭജന. 8ന് ഭൂതബലിപ്പാട്ട്. 9ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. പുലര്‍ച്ചെ 4.30 ന് ഭൂതബലി ഉത്സവവും തുടര്‍ന്ന് ഉത്സവബലിയും. 26ന് താലപ്പൊലി ഉത്സവ നാളില്‍ രാവിലെ 10 ന് കളനാട് തെക്കേക്കര മാതൃസമിതിയുടെ ലളിതാ സഹസ്രനാമ പാരായണം. 11ന് മൊഗ്രാല്‍ പുത്തൂര്‍ അയ്യപ്പ മഹിളാ ഭജന സംഘത്തിന്റെ ഭജന. 2ന് മുജുംഗാവ് പാര്‍ഥസാരഥി മഹിളാ ഭജന സംഘത്തിന്റെ ഭജന. 4ന് പള്ളിക്കര – മഠം ശംഖ്ലി ഭജന സംഘത്തിന്റെ ഭജന. 8ന് പൂരക്കളി. പുലര്‍ച്ചെ 4.30 ന് താലപ്പൊലി ഉത്സവവും തുടര്‍ന്ന് ഉത്സവബലിയും.

27നാണ് ആയിരത്തിരി ഉത്സവം. രാവിലെ 10ന് ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി ശ്രുതിലയ സംഗീത വിദ്യാര്‍ഥികളുടെ ദേവി നാമജപം. 12ന് തച്ചങ്ങാട് അയ്യപ്പ ഭജനസമിതിയുടെ ഭജന. 2 ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. 3ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന. 8ന് പൂരക്കളി.
തിരുമുല്‍കാഴ്ചകള്‍ : രാത്രി 10ന് ചിറമ്മല്‍ പ്രദേശ്, 11ന് ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ്, 12ന് എരോല്‍ ആറാട്ടുകടവ് പ്രദേശ്, 1ന് പള്ളിക്കര തണ്ണീര്‍പുഴ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കാഴ്ച്ചാ ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തും. പുലര്‍ച്ചെ 2.30 ന് ഉത്സവബലി. 4നാണ് ആയിരത്തിരി ഉത്സവം. 28ന് രാവിലെ 6.30ന് കൊടിയിറക്കം. തുടര്‍ന്ന് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. ഉത്സവ നാളുകളില്‍ വൈകുന്നേരം 6.30ന് സന്ധ്യാ ദീപത്തിന് ശേഷം സന്ധ്യാ വേലയും കലശാട്ടും ഉണ്ടായിരിക്കും. 25 നും 26 നും ഉച്ചയ്ക്ക് 12.30 ന് അന്നദാനം ഉണ്ടായിരിക്കും. ഉത്സവനാളുകളില്‍ രാവിലെ 8 മുതല്‍ തുലാഭാര സമര്‍പ്പണം നടത്താവുന്നതാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *