ഉദുമ: അജൈവ മാലിന്യ ശേഖരണത്തിലും തരംത്തിരിക്കലിലും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച വെക്കുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ജര്‍മ്മന്‍ സംഘം ഉദുമ ഗ്രാമപഞ്ചായത്ത് സന്ദര്‍ശിച്ചു. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈല്‍ഡ് പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളായ സെലന്‍ അസിന, മെയ്ഹു ലാംമംനെന്‍ എന്നിവരാണ് ഉദുമ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി ശേഖരണം നേരില്‍ കാണാനെത്തിയത്.
ഹരിത കര്‍മ്മ സേനയുടെ കൂടെ വീടുകളില്‍ മാലിന്യ ക്ഷകരണത്തിറങ്ങിയ ഇവര്‍ ഹരിത കര്‍മ്മ സേനയുടെ പ്രാഥമിക ഘട്ട തരംത്തിരിക്കല്‍ പ്രവര്‍ത്തനത്തിലും പങ്കാളികളായി. പഞ്ചായത്ത് പ്രസിഡെന്റ് പി ലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീബി, വി ഇ ഒ പ്രവീണ്‍ കുമാര്‍ കെ.സി എന്നിവര്‍ ഇവരെ അനുഗമിച്ചു.
വിദേശ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ മാലിന്യ ശേഖരണത്തില്‍ പുത്തന്‍ മാതൃക തീര്‍ക്കുന്ന ഹരിത കര്‍മ്മ സേന പദ്ധതിയെ പ്രശംസിച്ച ജര്‍മ്മന്‍ സംഘം വീടുകളില്‍ മാലിന്യ തരം തിരിച്ചു വെക്കുന്ന ജനങ്ങളുടെ രീതി ഇത്തരം പദ്ധതിയുടെ വിജയത്തിന് പിന്തുണ നല്‍കുമെന്നും അഭിപ്രായപ്പെട്ടു.