പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് കുറി പ്രസാദം നല്‍കാനുള്ള മഞ്ഞള്‍ സ്വന്തമായി വിളയിച്ചെടുത്തു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിലായിരുന്നു കൃഷി. ഉണക്കിയ മഞ്ഞള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഇതില്‍ നിര്‍ദിഷ്ട ഔഷധ ചേരുവകള്‍ ചേര്‍ത്ത് പൊടിയാക്കിയാണ് ഭരണി ഉത്സവ നാളുകളില്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കുറിപ്രസാദമായി നല്‍കുക. ക്ഷേത്രത്തിലെ കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ 32 പ്രാദേശിക സമിതികളുടെയും മാതൃസമിതികളുടെയും സഹകരണത്തോടെ അതത് ഇടങ്ങളില്‍ 9 മാസം മുന്‍പാണ് കൃഷിക്ക് തുടക്കം കുറിച്ചത്. വിളവെടുപ്പിന്റെ ഉദ്ഘാടനം മൂന്നാഴ്ച്ച മുന്‍പ് കരിപ്പോടി പ്രാദേശിക സമിതി പരിധിയിലെ വയലില്‍ നടന്നിരുന്നു.
തുടര്‍ന്ന് മറ്റു പ്രദേശങ്ങളില്‍ നിന്നും വിളവെടുത്ത് സമാഹരിച്ച മഞ്ഞള്‍ ക്ഷേത്രത്തില്‍ ഏല്‍പ്പിക്കുന്ന ചടങ്ങ് ഭണ്ഡാര വീട് തിരുമുറ്റത്ത് നടന്നു. ആദ്യ വിഹിതം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍, വൈസ് പ്രസിഡന്റുമാരായ കൃഷ്ണന്‍ ചട്ടഞ്ചാല്‍, കെ. വി. അപ്പു, ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥ്, ട്രഷറര്‍ പി. വി. ചിത്രഭാനു, മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്‌കരന്‍, വൈസ് പ്രസിഡന്റുമാരായ ശ്രീലേഖ ദാമോദരന്‍, പുഷ്പ ദാസന്‍, ജനറല്‍ സെക്രട്ടറി വീണ കുമാരന്‍ , ട്രഷറര്‍ ഉഷ ഭാസ്‌കരന്‍ എന്നിവരും മറ്റു ഭാരവാഹികളും ചേര്‍ന്ന് സുനീഷ് പൂജാരിക്ക് കൈമാറി.
2.75 ക്വിന്റല്‍ ഉണങ്ങിയ മഞ്ഞളാണ് ജൈവകൃഷിയിലൂടെ ലഭിച്ചത്. ഒരു ക്വിന്റല്‍ ഉണങ്ങിയ മഞ്ഞളില്‍ ശരാശരി 12 കിലോ വീതം പൊടിയാണ് കിട്ടിയത്. സമര്‍പ്പിച്ചതില്‍ ബാക്കി വന്നത് അതത് പ്രാദേശിക സമിതിയില്‍ സൂക്ഷിക്കും.