പെരിന്തല്‍മണ്ണ: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്. യുവതിയെ പരസ്യമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു.
യുവാവ് പരാതിക്കാരിയുമായി രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനത്തുമംഗലം ബൈപാസില്‍ വെച്ചാണ് മൊബൈല്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചതായാണ് പരാതി. സംഭവത്തില്‍ 17,000 രൂപയുടെ നഷ്ടവും മാനഹാനിയുണ്ടായതായും പരിക്കേറ്റതായുമാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പെരിന്തല്‍മണ്ണ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.