ബാര : അവയവദാനം പോലെതന്നെ മഹത്തായ സന്ദേശമാണ് കേശദാനവും നല്‍കുന്നത്. കീമോതെറാപ്പിക്ക് വിധേയരാകുന്ന കാന്‍സര്‍ രോഗികള്‍ക്ക് അവരുടെ മുടി കൊഴിയുന്നത് ഇത് വലിയ മനോവിഷമമാണ് സൃഷ്ടിക്കുന്നത്. ബാര ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റിനുള്ള ജീവിത നൈപുണി ക്ലാസില്‍ ക്ലാസ്സ് കൈകാര്യം ചെയ്ത അധ്യാപകന്റെ വാക്കുകള്‍ കുട്ടികളുടെ ഹൃദയത്തില്‍ കൊണ്ടു.
കാന്‍സര്‍ രോഗികളായ സ്ത്രീകള്‍ക്ക് ആത്മധൈര്യം നല്‍കാന്‍ നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് കുട്ടികള്‍ ഒരേ സ്വരത്തില്‍ അന്വേഷിച്ചു. അനുതാപത്തിന്റെ ഉദാത്ത മാതൃകയായി ബാരയിലെ എസ്.പി.സി കാഡറ്റുകള്‍ ക്ലാസുകള്‍ കയറിയിറങ്ങി കേശദാന സന്ദേശ വാക്യമോതി. അതിന്റെ ഭാഗമായി 27 കുട്ടികളും രണ്ട് രക്ഷിതാക്കളും അധ്യാപികമാരില്‍ ചിരലും കേശദാനത്തിനായി മുന്നോട്ട് വന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേശദാനം സ്‌നേഹദാനം എന്ന പദ്ധതിലൂടെ അമല മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് ബാരയുടെ മക്കള്‍ കേശദാനവും നടത്തി.
നല്ലൊരു വിഗ്ഗ് നിര്‍മ്മിക്കുന്നതിന് 30 സെന്റീ മീറ്റര്‍ നീളമുള്ള മുടി ആവശ്യമാണ്. എണ്ണമയമില്ലാ, കഴുകി ഉണക്കിയ, ഡൈ ഉപയോഗിക്കാത്ത മുടിയാണ് ദാനം ചെയ്യേണ്ടത്. ഈ പ്രക്രിയ എല്ലാം പാലിച്ചാണ് കുട്ടികള്‍ കേശദാനം നടത്തിയത്. തങ്ങളുടെ മുടികൊണ്ടു വിഗ്ഗ് തയ്യാറാക്കി കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകും എന്ന ചിന്ത കുട്ടികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്.
ചടങ്ങില്‍ അമലയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.കെ സെബാസ്റ്റ്യന്‍ പദ്ധതിയെക്കുിച്ചുള്ള വിശദീകരണം നല്‍കി. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി.പി കേശദാനം സ്‌നേഹദാനം പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഗീതകൃഷണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി.തമ്പാന്‍, കെ. സുധാകരന്‍, വി. ഗോപാലകൃഷ്ണന്‍, ദീപ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ കെ.ശങ്കരന്‍ സ്വാഗതവും എസ്.പി.സി കോര്‍ഡിനേറ്റര്‍ സതീശന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.