ബഹുമുഖ വ്യക്തിത്വങ്ങള്‍ക്ക് വേഷത്തിലും ഭാവത്തിലും പുനര്‍ജനി നല്‍കി പാലക്കുന്ന് അംബികയിലെ കുട്ടികള്‍

പാലക്കുന്ന് : ഇന്ത്യന്‍ ചരിത്രവുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തിത്വങ്ങളെ വസ്ത്രധാരണത്തിലൂടെ അവതരിപ്പിച്ച് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ലോവര്‍ പ്രൈമറി മുതലുള്ള കുട്ടികൂട്ടങ്ങള്‍ കാണികളുടെ കൈയ്യടി നേടി. സ്‌കൂളിലെ ഇംഗ്ലീഷ് ക്ലബ്ബാണ് ഇതിന് വേദിയൊരുക്കിയത്. പുതു വര്‍ഷത്തില്‍ നടത്തിയ പുതുമ നിറഞ്ഞ പരിപാടിയില്‍ ഗാന്ധിജി , ബി ആര്‍. അംബേദ്കര്‍, മദര്‍തെരേസ, സരോജിനി നായിഡു, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, നെഹ്റു, ഇന്ദിരാഗാന്ധി, സായുധ സേനാംഗങ്ങള്‍, ബഹിരകാശ ശാസത്രജ്ഞര്‍, കലാസാഹിത്യ പ്രതിഭകളും മലാല യൂസഫ്‌സായ് അടക്കമുള്ളവരെ വേഷത്തിലും ഭാവത്തിലും അനുകരിച്ചാണ് സ്റ്റേജില്‍ അവതരിപ്പിച്ചത് . ആശയ വിനിമയം, സംസാരശേഷി, സര്‍ഗ്ഗാത്മകത, ആത്മവിശ്വാസം എന്നിവ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു പരിപാടി.
അറിവും ആശയവിനിമയ വൈദഗ്ധ്യവും പ്രകടിപ്പിച്ചു കൊണ്ട് അവര്‍ തിരഞ്ഞെടുത്ത റോളുകളെ കുറിച്ച് ആവേശത്തോടെ കാണികളോട് ഇംഗ്ലീഷില്‍ സംവദിച്ചു. പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പ്രഖ്യാപന മത്സരത്തില്‍ എല്‍പിയില്‍ നിന്ന് 35 പേരും യുപിയില്‍ നിന്ന് 52 ??പേരും എട്ട് മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിഭാഗത്തില്‍ 31 പേരും പങ്കെടുത്തു. വിഖ്യാത വ്യക്തിത്വങ്ങളെക്കുറിച്ച് ശക്തമായ പ്രഭാഷണങ്ങള്‍ നടത്തിയതിനാല്‍ മത്സരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പൊതു സംസാരശേഷി പ്രകടിപ്പിക്കുന്നതിനുള്ള വേദികൂടിയായി. അധ്യാപികമാരായ സ്വപ്ന മനോജ്, കെ.വി.രമ്യ, സഹാന സഹദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എ. ബാലകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *