ഇരിയ : കോടോം ബേളൂര്‍ പഞ്ചായത്തില്‍ ഇരിയയില്‍ നിന്നും ലാലൂര്‍, ബാലൂര്‍ പ്രദേശങ്ങളിലൂടെ പറക്കളായിക്ക് പോകുന്ന പത്തൊന്‍പതാം വാര്‍ഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വര്‍ഷങ്ങളായി. പല പ്രാവശ്യം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, പരാതിപ്പെടുകയും ചെയ്‌തെങ്കിലും പരിഹാരമുണ്ടായില്ല. അതിനാല്‍ ഈ പ്രദേശത്തെ ഞങ്ങളുടെ ദുരിതം സഹിക്കാനാവാതെ അധികൃതരോട് യാചിക്കുകയാണെന്ന് കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം പ്രസിഡന്റ് വി.ബാലകൃഷ്ണന്‍ പറഞ്ഞു.
ഒന്നര വര്‍ഷം മുന്‍പ് ഹോസ്ദുര്‍ഗ് എം.എല്‍. എ ഇ. ചന്ദ്രശേഖരന്റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ അനുവദിച്ചതിന് നന്ദി പറഞ്ഞ് ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചിരുന്നു. കുറച്ചു ദൂരം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നോണം ചെറിയ പണികള്‍ ചെയ്തു പിന്നീട് ഒന്നും നടന്നില്ല. റോഡിന്റെ അവസ്ഥക്കു മാറ്റമില്ല. അനുവദിച്ചെന്ന് പറഞ്ഞ തുക എവിടെപ്പോയെന്ന് അന്വേഷിക്കണമെന്നും, ഈ പ്രദേശത്തോട് കോടോം ബേളൂര്‍ പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ ആവശ്യപ്പെട്ടു. സി പി എമ്മിന്റെ കുത്തക വാര്‍ഡായതുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും ജയിക്കാമെന്നുള്ളതുകൊണ്ടാണോ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാത്തതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എത്രയും വേഗം ആവശ്യമായ തുക അനുവദിച്ച് റോഡിന്റെ അറ്റകുറ്റ പണികള്‍ തീര്‍ത്ത്, ഓവുചാല്‍ നിര്‍മ്മിച്ച് റീടാറിംഗ് ചെയ്യണമെന്ന് പഞ്ചായത്തിനോട് ഈ സമരത്തിലൂടെ പ്രദേശവാസികള്‍ക്കുവേണ്ടി യാചിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പി.എം വേണുഗോപാലന്‍ നായര്‍ ലാലൂര്‍, രാഘവന്‍ വയമ്പ്, രാഘവന്‍ സൂര്യോദയം, നാരായണന്‍ ലാലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.